Skip to main content

കുടുംബശ്രീയുടെ ജില്ലാ സാരഥ്യമൊഴിഞ്ഞ് ഗിവർഗീസ്, പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ

 

എറണാകുളം: കുടുംബശ്രീ മിഷൻ  എറണാകുളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പദവിയില്‍നിന്നു വിരമിക്കുന്ന ടി.പി ഗീവര്‍ഗീസിന് ഇത് ചാരിതാർഥ്യത്തിൻ്റെ നിമിഷം. സർവീസിലിരിക്കെ നിരവധി നല്ല മാതൃകകൾക്ക് തുടക്കമിട്ട ഇദ്ദേഹം ഈ ദുരിതകാലത്ത് സർക്കാരിന് കൈത്താങ്ങേകിയാണ് പടിയിറങ്ങുന്നത്. 

സര്‍വ്വീസിലിരിക്കെ ചെയ്ത നന്‍മകള്‍ക്കു മാറ്റു കൂട്ടാന്‍  ഒരു ലക്ഷം രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിനു ഇന്നു കൈമാറിയത്. 

ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായിരിക്കെ 2018 ജൂണിലാണ് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ടി.പി ഗീവര്‍ഗീസ് ഈ പദവിയിലെത്തുന്നത്. അന്നുമുതല്‍ പടിയിറങ്ങുന്ന ഈ ദിവസം വരെ അദ്ദേഹത്തിന്റെ കരുതലുകള്‍ കുടുംബശ്രീയ്ക്ക് കൂട്ടായി. 

മഴപെയ്തിറങ്ങിയ ദുരിതകാലത്തു മലവെള്ള പാച്ചിലില്‍നിന്നു കരകയറാന്‍ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളെ സഹായിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു  ചുക്കാന്‍ പിടിച്ചത് അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലത്തിലെ എക്കാലവും ഓര്‍മ്മിക്കാവുന്ന ഏടാണ്. സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹം ചെയ്ത നന്‍മകളെ കുറിച്ചു പറയാന്‍ നൂറുനാവ്. 

പ്രളയകാലത്തു തുടങ്ങിവെച്ച കരുതലുകളുടെ ലിസ്റ്റില്‍ 500 കോടിയിലധികം പ്രളയാനന്തര വായ്പാ വിതരണം, കോലഞ്ചേരിയില്‍ ആരംഭിച്ച കുടുംബശ്രീ ബസാര്‍, അഗതി കുടുംബങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച 'ഒപ്പം ' പദ്ധതി , കാര്‍ഷിക രംഗത്തെ ഊര്‍ജസ്വലമാക്കിയ 'സമൃദ്ധി' തുടങ്ങി പ്രളയാനന്തരം നടത്തിയ കുടുംബശ്രീ പാക്കിങ്ങ് സെന്റര്‍ വരെ കുറിച്ചിടാം. പ്രളയകാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബശ്രീ പായ്ക്കിംങ്ങ് സെന്ററുകള്‍ ഏറെ പ്രശംസ നേടി. 

കുടുംബശ്രീയോട് ഒപ്പം കൂടിയ നാള്‍ മുതല്‍ രണ്ടായിരത്തിലധികം പുതിയ സംരംഭങ്ങള്‍, ജെറിയാട്രിക് കെയര്‍ രംഗത്തെ കുടുംബശ്രീ കണ്‍സല്‍ട്ടന്‍സി എന്നിങ്ങനെ നിരവധി അഭിമാന നേട്ടങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു.  പ്രളയത്തില്‍നിന്നു കരകയറി കെറോണ എത്തിയപ്പോളും അദ്ദേഹത്തിന്റെ കരുതലുകള്‍ കുടുംബശ്രീയ്ക്കു മുതല്‍കൂട്ടായി. 

കോവിഡ് കാലത്ത് ജനങ്ങള്‍ വീട്ടിലൊതുങ്ങേണ്ടി വന്നപ്പോള്‍ അയല്‍ക്കൂട്ടങ്ങള്‍ നിര്‍ജ്ജീവമാവാതിരിക്കാന്‍ സൈബര്‍ ജാലകം, സൈബര്‍ അരങ്ങ് തുടങ്ങിയ ക്രിയാത്മക ഇടപെടലുകളിലൂടെ ആപത്കാലത്തും തന്റെ വകുപ്പിനെ സ്‌നേഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇത് സഹപ്രവര്‍ത്തകര്‍ക്കും അഭിമാനം നല്‍കുന്നു. ദുരിതകാലത്ത് തന്റെ സഹപ്രവര്‍ത്തകരെയും സര്‍ക്കാര്‍ തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വത്തേയും കൂട്ടിയിണക്കി തന്റെ ജോലികള്‍   ഇത്രയധികം ഭംഗിയായി നിര്‍വ്വഹിച്ച ഒരു ഉദ്ദ്യോഗസ്ഥനെ കുറിച്ച്, അദ്ദേഹത്തിന്റെയൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിനെകുറിച്ചു ഏവര്‍ക്കും പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രം. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ഇരുമ്പനത്തുള്ള തന്റെ വീട്ടില്‍ ചെലവഴിക്കണം എന്നാണ് ഗീവര്‍ഗീസിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ഭാര്യ, താര ഒറിയന്റല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരിയാണ്. ഏക മകന്‍ എല്‍ദോ 12-ക്ലാസ് വിദ്യാര്‍ത്ഥിയും.

date