Skip to main content

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

എം പി വീരേന്ദ്രകുമാറിന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് പക്ഷത്ത് എന്നും നിൽക്കാൻ നിഷ്‌കർഷ കാട്ടിയിട്ടുള്ള നേതാവാണ് അദ്ദേഹം. സാമ്രാജ്യത്വത്തിനും വർഗീയതയ്ക്കും എതിരായ നിലപാടുകളിൽ എന്നും അചഞ്ചലനായി നിലകൊണ്ടു. ഇതിൽ വിട്ടുവീഴ്ച ചെയ്താൽ കിട്ടുമായിരുന്ന സ്ഥാനങ്ങൾ വേണ്ടെന്നു വെച്ചു.
സോഷ്യലിസ്റ്റ് പാരമ്പര്യം അച്ഛൻ പത്മപ്രഭാ ഗൗഡറിൽനിന്നു ലഭിച്ചതാണ്. മാധ്യമ-സാഹിത്യ രംഗങ്ങളിലടക്കം പല മേഖലകളിലും വെളിച്ചം വീശിയ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. 'ഗാട്ടും കാണാച്ചരടും' പോലുള്ള കൃതികളിലൂടെ സാമ്രാജ്യത്വത്തിന്റെ അധിനിവേശ നീക്കങ്ങളെ അദ്ദേഹം തുറന്നുകാട്ടി. 'രാമൻറെ ദുഃഖം' പോലുള്ളവയിലൂടെ വർഗീയ വിധ്വംസക നീക്കങ്ങൾക്കെതിരെ സമൂഹത്തെ ജാഗ്രതപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു ജയിലിൽ കഴിഞ്ഞതിന്റെ അനുഭവങ്ങളുണ്ട്. അതടക്കം വ്യക്തിപരമായ നിരവധി ഓർമകൾ അദ്ദേഹത്തെക്കുറിച്ചുണ്ട്. രാഷ്ട്രീയമായി യോജിച്ചും വിയോജിച്ചും നിന്നിട്ടുണ്ട്. എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യം, താൻ വിശ്വസിക്കുന്ന ആശയങ്ങളോടും നിലപാടുകളോടുമുള്ള പ്രതിബദ്ധത എന്നിവ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ദീർഘവീക്ഷണവും അർപ്പണബോധവുമുള്ള നേതാവായിരുന്നു. അസാധാരണ ബുദ്ധിവൈഭവവും വിജ്ഞാന ശേഖരണശീലവും അദ്ദേഹത്തെ  ധിഷണാശാലിയായ രാഷ്ട്രീയ നേതാവാക്കി. നിയമസഭാ സാമാജികൻ, മന്ത്രി, പാർലമെന്റംഗം, പത്രാധിപർ, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം മഹത്തായ സംഭാവനകൾ നൽകിയ എം പി വീരേന്ദ്രകുമാറിന്റെ വിയോഗം നമ്മുടെ നാടിന്, പുരോഗമന രാഷ്ട്രീയ ജനാധിപത്യ ശക്തികൾക്ക്, സമൂഹത്തിനാകെത്തന്നെ കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പി.എൻ.എക്സ്.1984/2020

 

date