കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ (മെയ് 29) കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 22 ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂര്‍ സ്വദേശി 23 കാരന്‍, മെയ് 19 ന് റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയവരായ തിരൂരങ്ങാടി മമ്പുറം സ്വദേശി 49 കാരന്‍, എടക്കര മൂത്തേടം സ്വദേശി 36 കാരന്‍, മെയ് 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടവണ്ണ പത്തപ്പിരിയം ചെരങ്ങാട്ടുപൊയില്‍ സ്വദേശി 25 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 14 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 52 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു.
ഇവര്‍ക്കു പുറമെ മെയ് 26 ന് കുവൈത്തില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയവരായ ഇടുക്കി മൂന്നാര്‍ സൂര്യനെല്ലി ബി.എല്‍ റാം സ്വദേശി 28 കാരന്‍, തൃശൂര്‍ കൈപ്പമംഗലം - 19 സ്വദേശി 32 കാരന്‍, തുരുവനന്തപുരം കഠിനംകുളം പുത്തന്‍തോപ്പ് സ്വദേശി 40 കാരന്‍, മെയ് 26 ന് അബുദബിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി 22 കാരന്‍ എന്നിവര്‍ക്കും രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ താമസിക്കുന്ന എയര്‍ ഇന്ത്യ ജീവനക്കാരിയായ പൂനെ സ്വദേശിനി 24 കാരിക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
- Log in to post comments