Skip to main content

ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ്

ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. P59  തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് സ്വദേശിയായ 40 വയസുള്ള യുവാവാണ്. മെയ് 29 ന് ഐ എക്‌സ്-1538 നമ്പര്‍ ഫ്‌ളൈറ്റില്‍ അബുദാബിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തി. അവിടെ നിന്നും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ എത്തിച്ച് കുളത്തൂപ്പുഴയിലെ സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായതിനാല്‍ 30 ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
P 60  ഇട്ടിവ മഞ്ഞപ്പാറ സ്വദേശിയായ 39 വയസുള്ള യുവതിയും P 61 നാല്‍പത്തിയൊന്നു വയസുള്ള അഞ്ചല്‍ സ്വദേശിയായ യുവതിയും P 62 കുന്നിക്കോട് മേലില സ്വദേശിയായ 45 വയസുള്ള യുവതിയുമാണ്. മൂവരും മെയ് 26ന് കുവൈറ്റില്‍ നിന്നും ജെ9-1405 ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് ഓച്ചിറയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സെന്റിനല്‍ സര്‍വെയ്‌ലന്‍സിന്റെ ഭാഗമായി സാമ്പിള്‍ എടുത്തു പരിശോധിച്ചു. ഇന്നലെ പോസിറ്റീവായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
P 63  തൃക്കരുവ പ്രാക്കുളം സ്വദേശിയായ 51 കാരനാണ്. 28 ന് ബഹറിനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍  (48ബി) കൊച്ചിയിലെത്തി. സ്‌പെഷ്യല്‍ കെ എസ് ആര്‍ ടി സി സര്‍വീസില്‍ കൊല്ലത്ത് എത്തിയ ഇദ്ദേഹം മറ്റു രോഗങ്ങളുടെ ചികിത്സയിലായതിനാല്‍ സ്രവ പരിശോധനയ്ക്ക് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു. പോസിറ്റീവായതിനെത്തുടര്‍ന്ന് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 40 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും  അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌കും സാനിറ്റൈസറും  ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന്  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1529/2020)   

  

date