Skip to main content

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് യാഥാര്‍ത്ഥ്യത്തിലേക്ക്

ബഹു.പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ശ്രീ ജി.സുധാകരന്‍ 
ജില്ല പഞ്ചായത്ത് ഹാളില്‍ 2020 ജൂണ്‍ ഒന്നിന് നടത്തിയ പത്രസമ്മേളത്തിന്‍റെ പൂര്‍ണരൂപം

-ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും
-624.48 കോടി രൂപയുടെ ഡി.പി.ആര്‍.
-24.164 കിലോമീറ്റര്‍ റോഡ‍് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്  പുനര്‍ നിര്‍മാണം
-വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡിസൈന്‍
-10 മീറ്റര്‍ ക്യാര്യോജ് വേ
-ഫ്ലൈഓവര്‍  5എണ്ണം
-പാലങ്ങള്‍ വീതികൂട്ടല്‍ മൂന്ന് എണ്ണം
-9 കോസ്വേ
-കിടങ്ങറ പാലം, നെടുമുടി പാലം,പള്ളാത്തുരുത്തി പാലം എന്നിവ വീതി കൂട്ടും
-13 പാലങ്ങള്‍ പുതുക്കിപ്പണിയും
-മുട്ടാര്‍ പാലം പുനര്‍നിര്‍മിക്കും
-മൂന്നുവര്‍ഷത്തിനുള്ളില്‍ പ്രോജക്ട് പൂര്‍ത്തീകരിക്കല്‍ ലക്ഷ്യം
-13 വലിയതും 65 ചെറിയതുമായ കള്‍വര്‍ട്ട് നിര്‍മാണം

 

കേരളത്തിലെ നാല് പ്രധാന നദികളായ പമ്പ, മണിമല, അച്ചങ്കോവില്‍, മീനച്ചില്‍ എന്നിവയും വേമ്പനാട്ടുകായലും ചേര്‍ന്ന് രൂപം നല്‍കിയ ഡെല്‍റ്റാ പ്രദേശമാണ് കുട്ടനാട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂവിഭാഗത്തിന്‍റെ ആകെ വിസൃതി 870 ചതുരശ്ര കിലോമീറ്ററാണ്. 
    കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട്ടില്‍ 500 ച.കി.മീ ഓളം പ്രദേശം സമുദ്ര നിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2.20 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് ഈ പ്രദേശത്തിന്‍റെ ഉയര വ്യത്യാസം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. നാല് പ്രധാന നദികളായ പമ്പ, മീനച്ചില്‍, അച്ചങ്കോവിലാര്‍, മണിമലയാര്‍ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു. 

കുട്ടനാട്ടിലെ ജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്, ആലപ്പുഴ കളര്‍കോട് (എന്‍.എച്ച് 66) ല്‍ നിന്ന് ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്നയില്‍ അവസാനിക്കുന്നു. ആകെ 24.14 കി.മീറ്റര്‍ നീളമുള്ള ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് രജിസ്റ്ററില്‍ സംസ്ഥാന പാത 11 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ആലപ്പുഴ ജില്ലയേയും കോട്ടയം ജില്ലയേയും കര മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതിനായി 1955 ല്‍ കൈതവന മുതല്‍പെരുന്ന വരെ നീളുന്ന, കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി റോഡിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. കുട്ടനാട്ടിലെ ചെളി വെട്ടിയെടുത്ത് നിരത്തിയാണ് ഈ റോഡ് പ്രാരംഭ ഘട്ടത്തില്‍ നിര്‍മ്മിച്ചത്. 1957 ല്‍ പനിനൊന്ന് പാലങ്ങളുടെ പണി പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് എ.സി റോഡ് പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളില്‍ ഒന്നായ എ.സി റോഡില്‍ അപ്പോഴും മൂന്ന് വലിയ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. 

പില്‍ക്കാലത്ത് 1984 ല്‍ മണിമലയാറിന് കുറുകെ കിടങ്ങറ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1987 ല്‍ പമ്പയാറിന് കുറുകെ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഇ.കെ.നയനാര്‍ നാടിന് സമര്‍പ്പിക്കുകയുണ്ടായി. എ.സി റോഡ് പൂര്‍ണ്ണ തോതില്‍ സഞ്ചാര യോഗ്യമായതോടുകൂടി വാഹനങ്ങളുടെ ബാഹുല്യം ഉണ്ടകുകയും ചരക്ക് വാഹനങ്ങള്‍ കൂടുതലായി ഈ റോഡില്‍ ഉപയോഗിക്കുവാനും തുടങ്ങി. അതിനാല്‍ തന്നെ താഴെ നിന്നുള്ള ചെളി ഉയര്‍ന്നുവരുകയും റോഡ് സെറ്റില്‍മെന്‍റ് ഉണ്ടാവുകയും ചെയ്തു. റോഡ് ബലപ്പെടുത്തുന്നതിനായി ഗ്രാവല്‍ ഫില്‍ ചെയ്യുകയും 2 ലെയര്‍ മെറ്റലിംഗ് നല്‍കുകയും ഉപരിതലം 20 എം എം ചിപ്പിംഗ് കാര്‍പറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു. എന്നാല്‍ കുട്ടനാട്ടിലെ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം റോഡ് വീണ്ടും താണു കൊണ്ടിരിക്കുന്നു. 
    പിന്നീട് റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി കെ.എസ്.ടി.പി ക്ക് കൈമാറുകയും 48 കോടിയുടെ പ്രവൃത്തികള്‍ 2008 ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതില്‍ 60 സെ.മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ റോഡ് ഗ്രാവല്‍ ഇട്ട് ഉയര്‍ത്തുകയും 20 സെന്‍റീ മീറ്റര്‍ ജി.എസ്.ബി 20 സെ.മീ ഡബ്യു.എം.എം എന്നിവ ഇട്ട് ബലപ്പെടുത്തുകയും 5 സെ.മീ കനത്തില്‍ ബിറ്റുമിനസ് മെക്കാഡം 2 സെ.മീ കനത്തില്‍ എം.എസ്.എസ് എന്നിവ ചെയ്ത് ഉപരിതലം ഗതാഗത യോഗ്യമാക്കുകയും ചെയ്തു. വീണ്ടും സെറ്റില്‍മെന്‍റ് മൂലം വിള്ളലുകള്‍ കാണപ്പെട്ടതിനെത്തുടര്‍ന്ന് 2013 ല്‍ 20 എം.എം.എം.എസ്.എസ് ഓവര്‍ ലേ ചെയ്യുകയുണ്ടായി. ഇതിനു ശേഷം 5 വര്‍ഷക്കാലം സമയോചിതമായ മെയിന്‍റനെന്‍സ് പ്രവൃത്തികളും ചെയ്തിരുന്നു. 

എല്ലാ വര്‍ഷവും കാലവര്‍ഷ സമയത്ത് എ.സി റോഡില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ടി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തിരുന്നു. 

2018 ല്‍ കേരളത്തില്‍ മറ്റ് ജില്ലകളില്‍ പ്രളയം ബാധിക്കുന്നതിന് മുമ്പ് തന്നെ കുട്ടനാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജൂലൈ മാസത്തിലെ ശക്തമായ കാലവര്‍ഷത്തില്‍ തന്നെ എ.സി റോഡില്‍ പള്ളാത്തുരുത്തി, നസ്രത്ത്, മങ്കൊമ്പ്, നെടുമുടി എന്നീ സ്ഥലങ്ങളില്‍ 30 മുതല്‍ 60 സെന്‍റിമീറ്റര്‍ വരെ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ഉണ്ടായി. 
2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്‍റെ ഫലമായാണ് 2018 ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതില്‍ തന്നെ കുട്ടനാട്ടിലെ സ്ഥിതി അതീവ ഗുരുതരമായി. 

2018 ഓഗസ്റ്റ് മാസത്തെ മഹാ പ്രളയത്തില്‍ എ.സി റോഡ് ഏകദേശം മുഴുവനായി തന്നെ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളില്‍ 60 സെന്‍റി മീറ്റര്‍ മുതല്‍ 1.30 മീറ്റര്‍ വരെ ഉയരത്തില്‍ വെള്ളം കയറി. ഇതിനെത്തുടര്‍ന്ന് ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ എ.സി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. 

കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വ, മുട്ടാര്‍, നെടുമടി, ചമ്പക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ പ്രളയ സമയത്ത് രക്ഷതേടി ആഭയ സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിന് ഏറ്റവും അധികം ആശ്രയിക്കുന്ന എ.സി റോഡ് വെള്ളത്താ്ല മുങ്ങപ്പെട്ടത് കുട്ടനാട്ടിലെ ജനതയെ ദുരിതത്തിലാഴ്ത്തി. ഈ അടിയന്തിര സാഹചര്യം മനസ്സിലാക്കി ബഹു: കേരള മുഖ്യമന്ത്രിയുടെയും ബഹു: പൊതുമരാമത്ത് മന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരം പ്രളയാനന്തര പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുകയുണ്ടായി. എ.സി റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കുന്നതിനായി 90 ലക്ഷം പൂപയ്ക്ക് കുഴികല്‍ അടയ്ക്കുന്ന പ്രവൃത്തി കെ.എസ്.ടി.പി നടപ്പില്ലാക്കി. തുടര്‍ന്ന് 10 കോടി രൂപ ചെലവാക്കി താഴ്ന്ന പ്രദേശങ്ങളായ പണ്ടാരക്കുളം, പള്ളാത്തുരുത്തി, നസ്രത്ത്, മങ്കൊമ്പ് എന്നിവിടങ്ങളില്‍ 30 മുതല്‍ 40 സെന്‍റി മീറ്റര്‍ വരെ ജി.എസ്.ബി, ഡബ്യു.എം.എം ഉപയോഗിച്ച് റോഡ് ഉയര്‍ത്തുകയും 7 മീറ്റര്‍ വീതിയില്‍ കളര്‍കോട് മുതല്‍ പെരുന്നവരേയും ബി.സി ഓവര്‍ലേയും ചെയ്തു.  

എ.സി റോഡിനെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വെള്ളപ്പൊക്ക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതിനായി ബഹു: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക വിനിയോഗിച്ചു കൊണ്ട് പുനരുദ്ധീകരണം നടത്തുവാന്‍ തീരുമാനമുണ്ടായി. 

എ.സി റോഡിന്‍റെ വെള്ളപ്പൊക്ക സമയത്തെ ദുരവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബഹു: പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റോഡ് പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ നവീകരിക്കുന്നതിന് വിദഗ്ദ അഭിപ്രായം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 14/12/2018 ന് ബഹു: പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വച്ച് ഒന്നാമത്തെ ശില്‍പശാല നടത്തുകയുണ്ടായി. ഈ ശില്‍പശാലയില്‍ പ്ലാന്നിംഗ് ബോര്‍ഡ്, പൊതുമരാമത്ത്, ജലവിഭവം, കൃഷി, ധനകാര്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുണ്ടായി. ഈ യോഗത്തില്‍ റോഡ് ഉയര്‍ത്തിയും റോഡ് ഉയര്‍ത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഫ്ളൈഓവറും നല്‍കിയുള്ള നവീകരണമാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയുണ്ടായി. 

ഈ നിര്‍ദ്ദേശം അന്തിമമായി അംഗീകരിക്കുന്നതിനും സാങ്കേതികമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ബഹു: പൊതുമരാമത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 18/05/2019 ന് രണ്ടാമത്തെ ശില്പശാല നടത്തുകയുണ്ടായി. ഈ യോഗത്തില്‍ റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. കെ.ബാലനെ ജിയോ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ് ആയി നിയമിച്ച ഇന്‍വസ്റ്റിഗേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. റോഡ് നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടത്തിനായി എക്സ്പെര്‍ട്ട് കമ്മിറ്റീ രൂപീകരിക്കുവാനും തീരുമാനിച്ചു. 

ആയതിന്‍റെ മുന്നോടിയായി മണ്ണ് പരിശോധനയും ട്രാഫിക്ക്, ടോറ്റല്‍ സ്റ്റേഷന്‍ സര്‍വ്വേയും നടത്തുന്നതിനായി 1,27,18,000/- രൂപ അനുവദിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള ആര്‍.ടി.എഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനി ടി പ്രവൃത്തി ഏറ്റെടുത്ത് പരിശോധനകള്‍ സെപ്റ്റംബര്‍ 2019 ല്‍ പൂര്‍ത്തീകരിച്ചു. ജിയോ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ആയ ഡോ. കെ.ബാലന്‍ മുഖ്യ സോയില്‍ കണ്‍സള്‍ട്ടന്‍റ് ആയി വരികയും പരിശോധനകളുടെ വിശദമായ റിപ്പോര്‍ട്ട് / നിര്‍ദ്ദേശങ്ങല്‍ മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. 

ആലപ്പുഴ കളര്‍കോട് നിന്നും ചങ്ങനാശ്ശേരി പെരുന്ന വരെയുള്ള 24.18 കി.മീ റോഡിന്‍റെ തല്‍സ്ഥിതി, കലുങ്കുകള്‍, പാലങ്ങല്‍, സമീപത്തുള്ള കെട്ടിടങ്ങള്‍ എന്നിവ വിശദമായ ഉപരിതല സര്‍വ്വേയിലൂടെ പഠന വിധേയമാക്കുകയും അലൈന്‍മെന്‍റ് പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു. 

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്‍റെ ഏറ്റവും വലിയ വെല്ലുവിളി മണ്ണിന്‍റെ പ്രത്യേകത ആണ് എന്നതിനാല്‍ മണ്ണിന്‍റെ ഘടനാ പരിശോധനകള്‍ക്കായി 95 സ്ഥലത്തു പത്തു ബോറിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് 75 മീറ്ററോളം ആഴത്തില്‍ മണ്ണിന്‍റെ ഘടന പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിച്ചു 13 വിവിധ ടെസ്റ്റുകല്‍ നടത്തുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങലില്‍ മണ്ണിന്‍റെ ഘടനാ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. 

നിലവിലുള്ള റോഡിന്‍റെ ഉപരിതല പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്നതിന് ബി.ബി.ഡി ടെസ്റ്റും റോഡിന്‍റെ ഉപരിതല ഘടന നിശ്ചയിക്കുന്നതിനായി 45 സ്ഥലത്തു സി.ബി.ആര്‍ ടെസ്റ്റും നടത്തിയിട്ടുണ്ട്. 

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെയുള്ള വാഹന സാന്ദ്രത കിടങ്ങറ മാമ്പുഴക്കരി പൂപ്പള്ളി എന്നീ സ്ഥലങ്ങളില്‍ പരിശോധിച്ചു. ദിവസേന 11,000 പി.സി.യു വാഹനങ്ങളാണ് കടന്നു പോവുന്നത് എന്ന് കണ്ടെത്തി. 

സര്‍ക്കാരിന്‍റെ പുതിയകാലം പുതിയ നിര്‍മ്മാണം എന്ന ആശയത്തില്‍ ഊന്നി ഇന്‍വസ്റ്റിഗേഷന്‍ സമയത്തും അതിന് ശേഷവും പലചര്‍ച്ചകളിലൂടെ ഉരിത്തിരിഞ്ഞ് വന്ന ആശയങ്ങള്‍ക്ക് അനുസരിച്ചാണ് എ.സി റോഡിന്‍റെ നവീകരണത്തിന് വേണ്ടിയുള്ള ഡിസൈന്‍ ചെയ്തിട്ടുള്ളത്. നവീകരിക്കുന്ന റോഡിനും ഫ്ളൈഓവറിനും വാഹന ഗതാഗതത്തിന് 10.00 മീറ്റര്‍ വീതിയുള്ള രണ്ട് വരിപാതയും ഇരുവശത്തും നടപ്പാതയുള്‍പ്പടെ 13.00 മീറ്റര്‍ മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ട്. പ്രളയത്തിലെ ഉയര്‍ന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയര്‍ത്തുന്നതിന് വേണ്ടി ഈ പ്രദേശത്തെ പ്രത്യേക ഘടനയെ ആസ്പദമാക്കിയും മണ്ണിനെ സംബന്ധിച്ച് സാങ്കേതിക വിദഗ്ദന്‍റെ നിര്‍ദ്ദേശപ്രകാരവും 20 കി.മീറ്റിറില്‍ 3 തരത്തിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഒന്നാമത്തെത് 2.9 കി.മീറ്റര്‍ ബി.എം & ബി.സി മാത്രം ചെയ്ത റോഡ് നിലനിര്‍ത്തുന്നതും രണ്ടാമത്തെത് 8.27 കി.മീറ്റര്‍ ജിയോ ടെക്സ്റ്റയില്‍സ് ലെയര്‍ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് 9 കി.മീറ്റര്‍ ജിയോ ഗ്രിഡും കയര്‍ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോണ്‍ കോളവും ഉപയോഗിച്ചുള്ള ഇംപ്രൂവ്മെന്‍റുമാണ് അവലംബിച്ചിരിക്കുന്നത്. 

2018 ലേയും 2019 ലേയും പ്രളയത്തില്‍ റോഡിന് മുകളിലൂടെ ഏറ്റവും ഉയരത്തില്‍ വെള്ളം ഒഴുകിയത് എല്ലാവര്‍ഷവും മണ്‍സൂണ്‍ സമയത്ത് റോഡില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതും ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ ഏറ്റവും താഴ്ന്ന 5 സ്ഥലങ്ങളിലാണ് ഫ്ലൈ ഓവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക സമയത്ത് തടസ്സമില്ലാതെ വെള്ളം ഒഴുകുന്നതിനോടൊപ്പം വാഹന ഗതാഗതം സാധ്യമാക്കുന്നതിന് ഇത് ഉപകരിക്കും. നിലവിലെ റോഡിന്‍റെ ഒരു വശത്ത് കായലും ഒരു വശത്ത് നെല്‍പാടവും വരുന്ന ഭാഗത്ത് റോഡിന് സമാനമായ രീതിയിലും റോഡിന്‍റെ ഒരു വശത്ത് കായലും ഒരു വശത്ത് വീടുകളും വരുന്ന ഭാഗത്ത് പ്രദേശവാസികളുടെ വാഹന ഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍വ്വീസ് റോഡ് നല്‍കിയാണ് ഫ്ളൈ ഓവറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയില്‍ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷന് മങ്കൊമ്പ് കല്‍വെര്‍ട്ടിനും ഇടയില്‍ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജംഗ്ഷനും പാറശ്ശേരി പാലത്തിനുമിടയില്‍ 260 മീറ്ററും പൊങ്ങ കല്‍വെര്‍ട്ടിനും പണ്ടാരകുളത്തിനുമിടയില്‍ 485 മീറ്ററും നീളത്തിലാണ് ഫ്ളൈഓവര്‍ ക്രമീകരിച്ചിരിക്കുന്നത്. ഫ്ളൈഓവറുകളുടെ ആകെ നീളം 1.785 കി.മീറ്ററാണ്. 

എ.സി റോഡില്‍ കുറച്ച് ദുരത്തില്‍ മാത്രം വെള്ളപ്പൊക്കം ഉണ്ടായ ഭാഗങ്ങളില്‍ നിലവിലെ റോഡ് അധികം ഉയര്‍ത്താതെ റോഡിന് കുറുകെയുള്ള നീരോഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി 9 സ്ഥലങ്ങളില്‍ ക്രോസ്വേ നല്‍കിയിട്ടുണ്ട്. ക്രോസ് വേ കളുടെ ആകെ നീളം 400 മീറ്ററാണ്. 

എ.സി റോഡിലെ ഫുഡ്പാത്ത് ഇല്ലാത്തതും വീതികുറഞ്ഞതുമായ വലിയ പാലങ്ങളായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിന്‍റെ ഘടനയ്ക്ക് അനുസൃതമായി ഇരുവശങ്ങളില്‍ നടപ്പാതകള്‍ ഉള്‍പ്പെടുത്തി വീതി കൂട്ടുന്നതിനുള്ള ഡിസൈനാണ് നല്‍കിയിട്ടുള്ളത്. 

എ.സി കനാലിന്‍റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ നിലവിലുള്ള മുട്ടാര്‍ ബ്ലോക്ക് കല്‍വര്‍ട്ടിനെ പൊളിച്ചുമാറ്റി പകരം കനാലിന് കുറുകെ 35 മീറ്റര്‍ നീളത്തിലുള്ള സ്പാന്‍ ഉള്‍പ്പെടുന്ന ഒരു പാലവും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇതിന് പുറമെ പ്രളയ സമയത്ത് സുഗമമായ നീരൊഴുക്കിന് തടസ്സമുണ്ടാകിയ ചെറുതും വലുതുമായ 13 ഓളം പാലവും കല്‍വര്‍ട്ടുകളും സ്പാനുകളും വിപുലീകരിച്ച് പുനര്‍നിര്‍മ്മിക്കുവാനുള്ള തുകയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പുതുതായി റോഡ് ഉയര്‍ത്തുമ്പോള്‍ റോഡിന്‍റെ ഒരു വശത്ത് മാത്രം ജല നിരപ്പ് ഉയരുന്നത് തടയുന്നതിന് വേണ്ടി റോഡിലുടനീളം 67 സ്ഥലങ്ങളില്‍ മൂന്ന് മീറ്റര്‍ നീളത്തില്‍ പുതിയ കല്‍വര്‍ട്ടുകള്‍ നിര്‍മ്മിക്കുവാനും ഡി.പി.ആറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

നടപ്പാതകളുടെ അടിയില്‍ ഓടയും ഒരു വശത്ത് ഡക്റ്റും നല്‍കിയിട്ടുണ്ട്. റോഡ് സുരക്ഷയ്ക്ക് വേണ്ടി കനാലിന്‍റെയും പാടശേഖരങ്ങളുടെയും വശങ്ങളില്‍ മുഴുവന്‍ ക്രാഷ് ബാരിയറും ആവശ്യമായ മറ്റ് അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റോഡിലുടനീളം രാത്രിയിലെ സുരക്ഷയ്ക്ക് വേണ്ടി സോളാര്‍ ലൈറ്റുകളും ബസ് യാത്രക്കാരുടെ സൗകര്യത്തിനായി ആവശ്യമുള്ള സ്ഥലങ്ങളില്‍ വെയിറ്റിംഗ് ഷെഡും സ്ഥലം ഉള്ളിടത്ത് ബസ്ബേകളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം റോഡ് നവീകരിക്കുന്നതിന് 625 കോടി രൂപയാണ് ആവശ്യമായി വരുന്നത്. പദ്ധതി പൂര്‍ത്തീകരണത്തിന് മൂന്ന് വര്‍ഷത്തെ സമയപരിധിയാണ് കണകാക്കിയിട്ടുള്ളത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം ഏത് കലാവസ്ഥയിലും സുഗമമാക്കുന്നതിനോടൊപ്പം സൗന്ദര്യാന്മകവുമാകുന്നതാണ്.  

2020 മേയ് മാസം 27 ന്‍റെ ക്യാബിനറ്റ് യോഗത്തില്‍ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്‍റെ 625 കോടി രൂപയ്ക്കുള്ള ഡി.പി.ആര്‍ ന് അംഗീകാരം നല്‍കി. 
ഡി.പി.ആര്‍ ചുരുക്കത്തില്‍

1 പേവ്മെന്‍റ് നിര്‍മ്മാണ ചെലവ്  172.47 കോടി രൂപ
2ഫ്ളൈ ഓവറുകളുടെ നിര്‍മ്മാണം 125.35 കോടി രൂപ
3 കോസ്വേ കളുടെ നിര്‍മ്മാണം 39.51 കോടി രൂപ
4വലിയ പാലങ്ങളുടെ വീതികൂട്ടലും, ഫുട്പാത്ത് നിര്‍മ്മാണവും
106.52 കോടി രൂപ
5 13 ചെറു പാലങ്ങളുടെ പുനര്‍ നിര്‍മ്മാണവും, 65 ചെറിയ കള്‍വെര്‍ട്ടുകളുടെയും നിര്‍മ്മാണ ചെലവ് 45.81 കോടി രൂപ
6ഡ്രൈന്‍, ഡക്ട്, അപ്രോച്ച് റോഡ്, റീറ്റെനിംഗ് വാള്‍ നിര്‍മ്മാണം 106.17 കോടി രൂപ
7 റോഡ് സുരക്ഷാ ക്രമീകരണം 16.37 കോടി രൂപ
8 ലാന്‍റ് അക്വസിഷന്‍ 1.12 കോടി രൂപ
9 യൂട്ടിലിറ്റി ഷിഫ്റ്റിംഗ് 3.43 കോടി രൂപ
10 കയ്യേറ്റം ഒഴിപ്പിക്കല്‍ ചെലവ് 0.22 കോടി രൂപ
11 മുട്ടാര്‍ പാലം 7.50 കോടി രൂപ

date