Skip to main content

ഗൃഹൗഷധി സസ്യങ്ങൾ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചർ

*സംസ്ഥാനതല വിതരണം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ ഗൃഹൗഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതോടൊപ്പം 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികൾ' പോസ്റ്റർ പ്രകാശനവും മന്ത്രി നടത്തി.
ഗൃഹൗഷധികൾ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ രാജ്യത്താകമാനം നടപ്പിലാക്കിവരികയാണ്. സംസ്ഥാനത്തും ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആയുഷ് വകുപ്പിന് കീഴിലുള്ള സംസ്ഥാന ഔഷധസസ്യ ബോർഡ്, ദേശീയ ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് 'രോഗപ്രതിരോധത്തിന് ഗൃഹൗഷധികൾ'. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗൃഹൗഷധികൾ വീടുകളിൽ വിതരണം ചെയ്ത് നട്ടുവളർത്തുകയും നിത്യജീവിതത്തിൽ അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന തുളസി, മഞ്ഞൾ, ഇഞ്ചി, കിരിയാത്ത്, പനികൂർക്ക, തിപ്പലി, കുരുമുളക്, ആര്യവേപ്പ്, ആടലോടകം, ചിറ്റമൃത് തുടങ്ങിയ ഔഷധസസ്യങ്ങൾ വീടുകളിൽ നട്ടുവളർത്തുകയും നിത്യജീവിതത്തിൽ ഗൃഹൗഷധികളുടെ ഉപയോഗം ശീലമാക്കുകയും അതിലൂടെ പ്രകൃതിദത്തമായ രോഗ പ്രതിരോധ ശേഷി ഓരോരുത്തരിലും ആർജിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം. സുഭാഷ്, സംസ്ഥാന ഔഷധസസ്യ ബോർഡ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ഡോ. പി. സഞ്ജീവ് കുമാർ എന്നിവർ സന്നിഹിതരായി.  
പി.എൻ.എക്സ്. 2056/2020

date