Skip to main content

സംരക്ഷിക്കാന്‍ ആളില്ലെന്ന വൃദ്ധയുടെ ആവലാതി: കലക്ടര്‍ നടപടിക്ക് ഉത്തരവിട്ടു

ആണ്‍മക്കള്‍ മരിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന മകന്റെ ജോലി മരുമകള്‍ക്ക് ലഭിച്ചു. എന്നാല്‍ മരുമകള്‍ ഭര്‍തൃമാതാവിനെ സംരക്ഷിക്കുന്നില്ലെന്ന് വൃദ്ധയുടെ പരാതി. ഓണ്‍ലൈനില്‍ പരാതി കേട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിവരം ശേഖരിക്കാനും ആര്‍ ഡി ഒ മുഖാന്തിരം വൃദ്ധയുടെ ആവലാതി പരിഹരിക്കാനും ഉത്തരവിട്ടു.
പരാതിക്കാരി അക്ഷയ സെന്ററിലും ജില്ലാ കലക്ടര്‍ കലക്‌ട്രേറ്റിലുമിരുന്നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചത്. ആര്‍ ഡി ഒ യും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും തത്സമയ പരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു.
വീട്ടില്‍ വെള്ളം കയറി താമസ യോഗ്യമല്ലാത്തത്, വീട്ടിലേക്ക് അയല്‍ വീട്ടിലെ മരങ്ങള്‍ ശല്യമുണ്ടാക്കുന്നത്, റേഷന്‍ കാര്‍ഡ് എ പി എല്‍ നിന്നും ബി പി എല്‍ ആക്കുന്നത്, വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടാത്തത് തുടങ്ങിയ പരാതികളാണ് കൊല്ലം താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ആറ് അക്ഷയ സെന്ററുകള്‍ വഴി പരാതി സ്വീകരിച്ച് പരാതിക്കാര്‍ ഓണ്‍ലൈനില്‍ അക്ഷയ സെന്ററില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയിച്ചാണ് പരാതി പരിഹാര അദാലത്ത് നടത്തിയത്. കോവിഡിന്റെ പകര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് നേരിട്ട് കലക്ടറെ കാണാതെ പരാതി പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തത്.
രേഖകള്‍ പരിശോധിച്ച് തീരുമാനം കൈകൊള്ളേണ്ട കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനും എ പി എല്‍/ബി പി എല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം, പ്രകൃതിക്ഷോഭ ധനസഹായം തുടങ്ങിയ പരാതികളില്‍ അടിയന്തര പരിഹാരം കാണുവാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി; 27 അപേക്ഷകളില്‍ പരിഹാരം കണ്ടെത്തി.
സംസ്ഥാനതലത്തില്‍ ആദ്യമായാണ് പൂര്‍ണതോതില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്ത് സംഘടിപ്പിച്ചതെന്നും എല്ലാ താലൂക്കുകളിലും വീഡിയോ അദാലത്തുകള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ സി.ജി ഹരികുമാര്‍, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ സി രാജന്‍ തുടങ്ങി ജില്ലയിലെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1570/2020)

 

date