Skip to main content

കൊട്ടാരക്കര താലൂക്ക് ആശുപത്രി സി ടി സ്‌കാന്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന്(ജൂണ്‍ 9)   

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച സി ടി സ്‌കാന്‍  യൂണിറ്റ് ഇന്ന്(ജൂണ്‍ 9) രാവിലെ  10 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ  ശൈലജ  ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി അയിഷാ  പോറ്റി എം എല്‍ എ അധ്യക്ഷയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി വിശിഷ്ടാതിഥിയാകും.
1.98 കോടി രൂപ ചെലവില്‍  അത്യാധുനിക സംവിധാനങ്ങളുള്ള 16 സ്ലൈസ് സി ടി മെഷീനാണ് യൂണിറ്റില്‍  സ്ഥാപിച്ചിരിക്കുന്നത്. കുറഞ്ഞ റേഡിയേഷനില്‍ അതിവേഗം സി ടി സ്‌കാന്‍ സൗകര്യം ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത. ടെലി മെഡിസിന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം  24 മണിക്കൂറും  ലഭിക്കും.
ലിവര്‍, ന്യൂറോ പരിശോധന,  യൂറോ ഗ്രാം, രക്തക്കുഴല്‍ പരിശോധന എന്നിവ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്‌കാനിംഗ് സൗകര്യം. പുറത്തുനിന്ന് എത്തുന്നവര്‍ക്കും ഡോക്ടറുടെ കുറിപ്പടിയോടെ സ്‌കാനിങ് നടത്താം.
ജില്ലയില്‍ സി ടി സ്‌കാന്‍ സംവിധാനമുള്ള ആദ്യ താലൂക്ക് ആശുപത്രിയാകും കൊട്ടാരക്കരയിലേത്. 91 കോടി രൂപ ചെലവില്‍  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആശുപത്രി കെട്ടിടത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതോടുകൂടി എല്ലാ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും  ലഭ്യമാക്കുന്ന ആരോഗ്യ കേന്ദ്രമായി കൊട്ടാരക്കര താലൂക്ക് ആശുപത്രി മാറും.
ചടങ്ങില്‍ കൊട്ടാരക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമള അമ്മ, വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണപിള്ള, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഷംല, വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിക വി നാഥ്, ആശുപത്രി സൂപ്രണ്ട് ഡോ കെ ആര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 1588/2020)

 

date