Skip to main content

മത്സ്യവിത്തുല്‍പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന   മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണം

കേരള മത്സ്യവിത്ത് നിയമം 2015 പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യവിത്തുല്‍പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന  മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് സംസ്ഥാന ഫിഷ് സീഡ് സെന്റര്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും യാതൊരു ഗുണ നിലവാരവും ഇല്ലാത്ത മത്സ്യവിത്തുകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വഴിയും അല്ലാതെയും സംസ്ഥാനത്തെത്തിച്ച് മത്സ്യ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ മത്സ്യകൃഷി മേഖല താറുമാറാക്കുന്ന നടപടികള്‍ ചില ഏജന്റുമാര്‍ മുഖേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. മത്സ്യവിത്തുകളുടെ ഗുണമേ• ഉറപ്പാക്കുന്നതിനും വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേരള മത്സ്യവിത്ത് നിയമം 2015 പ്രകാരം കേരള സര്‍ക്കാര്‍ മത്സ്യവിത്ത് കേന്ദ്രം രൂപീകരിച്ചു. നിയമ പ്രകാരം മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി  എന്നിവ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഏജന്‍സികളും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്ത ശേഷം മാത്രമെ പ്രവര്‍ത്തിക്കാവൂ എന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.
ഇറക്കുമതി ചെയ്യുന്ന മത്സ്യവിത്തുകള്‍ ലാബുകളില്‍ പരിശോധിച്ച് രോഗമുക്തമാണ് എന്ന് ഉറപ്പുവരുത്തി മത്സ്യവിത്തു കേന്ദ്രം സര്‍ട്ടിഫൈ ചെയ്ത ശേഷം മാത്രമേ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ. രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹാച്ചറികളും മത്സ്യവിത്ത് ഫാമുകളും അലങ്കാരമത്സ്യ വിപണന യൂണിറ്റുകള്‍ ഉള്‍പ്പെടെ സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് എടുക്കുന്നതിനും തയ്യാറാകണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം പിഴ ഈടാക്കും. 1000 രൂപയ്ക്ക് താഴെയുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് 5000 രൂപയാണ് പിഴ. 1000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിത്തുവിലയുടെ അഞ്ചിരട്ടിയാണ് പിഴ. രജിസ്‌ട്രേഷനും ലൈസന്‍സും നേടുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ഓഫീസുമായോ ജില്ലകളില്‍ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള മത്സ്യ കര്‍ഷക വികസന ഏജന്‍സിയുമായോ ബന്ധപ്പെടണം. വിശദ വിവരങ്ങള്‍ 0474-2797188 നമ്പറിലും sfsckollam@gmail.com     എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1603/2020)

 

date