യാത്രക്കാര്‍ക്ക് വൈദ്യസഹായത്തിന് 'വഴികാട്ടി' കേന്ദ്രങ്ങള്‍ക്ക് തുടക്കമായി ആരോഗ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു
യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കാന്‍ 'വഴികാട്ടി' പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ നിര്‍വഹിച്ചു. 'അനുയാത്ര' പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിന്റെയും ആര്‍.ബി.എസ്.കെ മൊബൈല്‍ ഹെല്‍ത്ത് ടീമിന്റെയും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. അനന്തപുരി ആരോഗ്യ ജാഗ്രതാ കലണ്ടറിന്റെ പ്രകാശനം ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ വി.കെ. പ്രശാന്ത് നിര്‍വഹിച്ചു.
എല്ലാ ജില്ലകളിലും വഴികാട്ടി ആരംഭിക്കുമെന്നും ഇതിനായി ഒന്‍പതുലക്ഷം രൂപവീതം അനുവദിച്ചതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം, തൃശൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഉടന്‍ ഇത്തരം കേന്ദ്രം ആരംഭിക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലും തുടങ്ങും.
ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തരഘട്ടങ്ങളില്‍ വഴികാട്ടി കേന്ദ്രം പ്രയോജനപ്പെടും. യാത്രക്കിടെ അ പകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വഴികാട്ടി കേന്ദ്രങ്ങളില്‍ മൂന്ന് ദിവസം ഡോക്ടര്‍മാരുടെ സേവനമുണ്ടാകും. എല്ലാ പൊതുജനങ്ങള്‍ക്കും പരിശോധനാസൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ദിവസങ്ങളിലും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തരുടെ സേവനവുമുണ്ടാകും. യാത്രക്കിടെ കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ട്.
ജീവിതശൈലി രോഗങ്ങളുടെ തോത് അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്, പള്‍സ് പോളിയോ പ്രോഗ്രാം തുടങ്ങി ആരോഗ്യ പരിപാടികളും ഈ സെന്ററിലൂടെ പ്രാവര്‍ത്തികമാക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും വഴികാട്ടി പ്രവര്‍ത്തിക്കുക.
കുട്ടികളിലെ വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ജീവിതസഹായം ലഭ്യമാക്കാനും അനുയാത്രാ മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകളില്‍ പരിശീലനം ലഭിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡവലപ്‌മെന്റ് തെറാപിസ്റ്റ് എന്നിവരുണ്ട്.
ശലഭം ആര്‍.ബി.എസ്.കെ മൊബൈല്‍ ഹെല്‍ത്ത് ടീം മുഖേന ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ ജന്‍മനാലുണ്ടാകുന്ന വൈകല്യം, പോഷകാഹാര കുറവ്, വളര്‍ച്ചാ വൈകല്യം, മറ്റ് രോഗങ്ങള്‍ എന്നിവ സമയോചിതമായി കണ്ടെത്തി തുടര്‍ ആരോഗ്യസേവനം ലക്ഷ്യമാക്കുകയാണ് പദ്ധതി.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ജെ. സ്വപ്‌നകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.779/18
- Log in to post comments