സൗജന്യ ക്വാറന്റയിന്‍ ദുരുപയോഗം: റവന്യൂ റിക്കവറി വഴി പണം ഈടാക്കും
സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സൗജന്യ ക്വാറന്റയിന്‍ ദുരുപയോഗം ചെയ്യുന്നവരില്‍ നിന്നും റവന്യൂ റിക്കവറി വഴി തുക ഈടാക്കുമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ അറിയിച്ചു. വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ വീട്ടില്‍ ക്വാറന്റയിന്‍ സംവിധാനമില്ലാത്തവര്‍ക്ക് മാത്രമാണ് സൗജന്യ ക്വാറന്റയിന്‍ ഏര്‍പ്പെടുത്തുക. ആവശ്യപ്പെടുന്നവര്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ക്വാറന്റയിന്‍ സംവിധാനവുമുണ്ട്. സാമ്പത്തികമായി ഏറ്റവും ദുര്‍ബലരായവര്‍ക്ക് വേണ്ടിയാണ് സൗജന്യ സേവനം സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവ പരിമിതവുമാണ്. അനര്‍ഹര്‍ ഇത് നേടിയാല്‍ റവന്യൂ, പോലീസ്, ഉള്‍പ്പടെ ഉദ്യോഗസ്ഥ വിഭവശേഷിയും പാഴാവും. സൗജന്യ ക്വാറന്റയിന്‍ ലഭിക്കുന്നവര്‍ക്ക് വീടുകളില്‍ സൗകര്യമില്ലായെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കണം. വീടുകളില്‍ സൗകര്യമില്ലായെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ 50 ശതമാനത്തില്‍, വില്ലേജ് ഓഫീസര്‍മാര്‍ വഴി തഹസീല്‍ദാര്‍മാര്‍ പുനപരിശോധിച്ച് ഉറപ്പാക്കിയിരിക്കണം. ഇതിനായി പോലീസ് സഹായവും തേടാമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1628/2020)
- Log in to post comments