Skip to main content

ചവറ സൗത്ത് യു പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

ചവറ സൗത്ത് യു പി സ്‌കൂളിലെ ഒരു കോടി രൂപയ്ക്ക് നിര്‍മിച്ച  ഹൈടെക് കെട്ടിടം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 5000 കോടി രൂപയിലേറെയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി വകയിരുത്തിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുപോലും വിടുതല്‍ വാങ്ങി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുന്നത് വിജയമാണ്. സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് ഉടന്‍ പൂര്‍ത്തായാവും. ഓണ്‍ലൈന്‍ പഠനവും മറ്റും ഇതിന്റെ ആദ്യപടിയായി വിശേഷിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. കൊറോണമൂലം കുട്ടികള്‍ക്ക് പഠനം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തി. ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രകാശന കര്‍മം നിര്‍വഹിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ യേശുദാസന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ബി സേതുലക്ഷ്മി, ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി വിജയകുമാരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുശീല, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ സുരേഷ് ബാബു, കെ പ്രദീപകുമാരന്‍പിള്ള, ജനപ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍ ജി ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1670/2020)  
 

date