Skip to main content

ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: മന്ത്രി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഡെങ്കിപ്പനിക്കെതിരായ ജാഗ്രതയില്‍ വീഴ്ചയുണ്ടായവരുതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കൊറോണ ബാധിച്ച് ജില്ലയില്‍ നാലു പേര്‍ മരിച്ചപ്പോള്‍ ഡെങ്കിപ്പനി മൂലം ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ ആറു പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ബന്ധപ്പെട്ടവര്‍ ഇത് ഗൗരവത്തോടെ കാണണം. മലയോര മേഖലയിലെ ആറു പഞ്ചായത്തുകളിലാണ് ഭീഷണി രൂക്ഷമായി നിലനില്‍ക്കുന്നത്. ഇതിനകം 500ലേറെ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. ഫോഗിംഗിനു പുറമെ കൊതുകിന്റെ ഉറവിട നശീകരണത്തിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ നടക്കേണ്ടതുണ്ട്. പ്രശ്‌നബാധിത തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമന്നും മന്ത്രി പറഞ്ഞു.
കാലവര്‍ഷം ഇത്തവണയും ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രളയ സാധ്യത മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date