Skip to main content

നടപ്പാതകള്‍ കൈയ്യേറി ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി - ജില്ലാ കലക്ടര്‍

നടപ്പാതകള്‍ കൈയ്യേറി ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ അവലോകന യോഗത്തിലാണ് നിര്‍ദേശം.
ആശ്രാമം പരിസരത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന 28 ഓളം മരങ്ങള്‍ മുറിക്കുന്നതിന് കോര്‍പ്പറേഷന്‍ നടപടികള്‍ സ്വീകരിക്കണം. ഗ്രേ ഏരിയകള്‍ കണ്ടുപിടിച്ച് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് പി ഡബ്ല്യു ഡി എന്‍ എച്ച് വിഭാഗത്തിനു നിര്‍ദേശം നല്‍കി.
സോഷ്യല്‍ മീഡിയ വഴി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിന് ആര്‍ ടി ഒ യെ ചുമതലപ്പെടുത്തി. ബൈപാസില്‍ ക്യാമറകള്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ മൂന്നര മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടു. കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ ക്യാമറ വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും  ആര്‍ ടി ഒ യ്ക്ക് നിര്‍ദേശം നല്‍കി.
വാഹന പാര്‍ക്കിങിന് സ്ഥലം കണ്ടെത്തി ഉടമസ്ഥതയിലുള്ള കാര്യാലയത്തില്‍ നിന്നും എന്‍ ഒ സി വാങ്ങുന്നതിനും റെയില്‍വേയുമായി ആലോചിച്ച് പാലത്തിനടുത്ത് കണ്ടെത്തിയ സ്ഥലം പാര്‍ക്കിങിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാത്തവര്‍ക്ക് എതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ രാജീവ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത, കൊല്ലം റൂറല്‍ അഡീഷണല്‍ എസ് പി എസ് മധുസൂദനന്‍, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ സി പി എ അഭിലാഷ്,  കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1707/2020)

 

date