ന്യൂലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു
ജില്ലയിലെ ലക്ഷംവീട് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതിയായ ന്യൂ ലൈഫിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിര്‍വഹിച്ചു. എടത്വാമൂല കോളനിയില്‍ നവീകരണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും അദ്ദേഹം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വീട് വാസയോഗ്യമല്ലാത്ത വിധം ജീര്‍ണ്ണാവസ്ഥയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ 33 കോളനികളെയാണ് പദ്ധതി പ്രകാരം തെരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ കോളനികളിലും ഗുണഭോക്തൃ കമ്മിറ്റികള്‍ രൂപീകരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ ഗുണഭോക്താവിനും രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഗ്രാമസേവകന്‍മാരാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. നിലവിലുള്ള വീടിന്റെ മേല്‍ക്കൂര ബലപ്പെടുത്തല്‍, മേല്‍ക്കൂര പ്ലാസ്റ്ററിംഗ് പൊട്ടിപ്പൊളിഞ്ഞ ജനല്‍, വാതില്‍ ഇവ മാറ്റി പുതിയവ സ്ഥാപിക്കല്‍, ചുമരുകള്‍ പൂശല്‍, തറ ടൈല്‍/സിമന്റ് ഇടല്‍, ഉപയോഗയോഗ്യമല്ലാത്ത കക്കൂസ് ഉണ്ടെങ്കില്‍ അവ ഉപയോഗയോഗ്യമാക്കല്‍, ചുമരുകള്‍ വെയിന്റിംഗ് എന്നീ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.കെ. പ്രീജ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്‍സലന്‍ എം.എല്‍.എ, അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments