കടുങ്ങല്ലൂര്‍ വിളയില്‍ ചാലിയപ്പുറം റോഡ് നാടിന് സമര്‍പ്പിച്ചു മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കടുങ്ങല്ലൂര്‍ വിളയില്‍ ചാലിയപ്പുറം റോഡ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംസ്ഥാന പൊതുമരാമത്ത് - രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. എടവണ്ണപ്പാറ ജംങ്ഷനില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി.
വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ച മലപ്പുറം ജില്ലയില്‍ മികച്ച ഗതാഗത സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും വികസന രംഗത്തെ മുന്നേറ്റത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ഗതാഗത യോഗ്യമാക്കാന്‍ ഇടപെടലുകള്‍ നടത്തിയ ടി.വി ഇബ്രാഹിം എം.എല്‍.എയെ മന്ത്രി അഭിനന്ദിച്ചു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയില്‍ ആദ്യമായി ഭരണാനുമതിയും സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തീകരിച്ച ആദ്യത്തെ പ്രവൃത്തിയാണ് കടുങ്ങല്ലൂര്‍ ചാലിയപ്പുറം റോഡ്. 16.41 കോടി രൂപ ചെലവില്‍ 8.2 കിലോമീറ്റര്‍ ദൂരമാണ് റബറൈസ് ചെയ്തു നവീകരിച്ചിട്ടുള്ളത്. റബറൈസിങിന് പുറമെ ഐറിഷ് ഡ്രെയിന്‍, നടപ്പാത, ഫെന്‍സിങ്, ട്രാഫിക് സിഗ്നല്‍, സൈഡ് കോണ്‍ക്രീറ്റ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ചീക്കോട്, മുതുവല്ലൂര്‍, വാഴക്കാട്, കുഴിമണ്ണ എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഗതാഗതക്കുരുക്കുകള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകും.
പ്രസിഡന്റുമാരായ കെ.എ സഗീര്‍, കെ.പി സയീദ്, ജമീല ടീച്ചര്‍, ബാലത്തില്‍ ബാപ്പു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി മനാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments