Skip to main content

ദേശിയ പാതാ വികസനം: ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ ഭരണകൂടം.

 

ദേശീയ പാതാ വികസനത്തിന്റെ വിജ്ഞാപനം വന്നാല്‍ ഉടന്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് ജില്ലാ ഭരണ കൂടത്തിന്റെ നേത്യത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പണി തുടങ്ങുന്നതുവരെയുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ദേശിയ പാതാ വികസനവുമായി ബന്ധപ്പെട്ട കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.

    അടുത്ത ആഴ്ച ദേശീയ പാതാ വിഭാഗം വിജ്ഞാപനം പുറപ്പെടുവിക്കുകയാണങ്കില്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ 2018 ഏപ്രിലില്‍ പൂര്‍ത്തിയാക്കി ഓരോരുത്തര്‍ക്കും നഷ്ടപ്പെടുന്ന ഭൂമി സംബന്ധിച്ചുള്ള കണക്ക്  മെയ് മാസത്തില്‍ വിജ്ഞാപനം ചെയ്യും. മെയ്-ജൂണ്‍ മാസത്തില്‍ ഇവര്‍ക്കുള്ള തുക നല്‍കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗും മറ്റും നടത്തും. ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ നടപടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒക്‌ടോബറില്‍ ഭൂവുടമകള്‍ക്കുള്ള തുക കൈമാറും. നവംബറില്‍ പണി ആരംഭിക്കുന്ന രീതിയില്‍ ഒക്‌ടോബര്‍ മാസം അവസാനം  ഭൂമി ദേശീയ പാതാ വിഭാഗത്തിന് കൈമാറും.

വിജ്ഞാപനം വന്നാല്‍ നിലവിലെ റോഡ് മദ്ധ്യത്തില്‍ നിന്ന് രണ്ട് ഭാഗത്തേക്കുള്ള വിസ്ത്യതി രേഖപ്പെടുത്തും.തുടര്‍ന്ന് മാര്‍ക്കിംഗ് നടത്തും. ഓരൊ 50 മീറ്റര്‍ ഇടവിട്ട് മൈല്‍ കുറ്റികള്‍ സ്ഥാപിക്കും. ഇതിനായി ഏകദേശ് 4000 ത്തോളം മൈല്‍ സ്റ്റോണുകള്‍ തയ്യാറാക്കും. നടപടികള്‍ മാര്‍ച്ച് 30 തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

സര്‍വ്വെയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏപ്രിലില്‍ പൂര്‍ത്തിയാക്കും. റോഡിന്റെ രണ്ട് ഭാഗത്തുമായി നിലവിലുള്ള സ്ഥലത്തിനു പുറമെ ഏറ്റെടുക്കുന്ന 343.8 ഹെക്ടര്‍ സ്ഥലത്ത് സര്‍വ്വെ നടത്തും. ഇതിനായി 30 പ്രവര്‍ത്തി ദിവസങ്ങളുള്ള പദ്ധതി ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 സര്‍വ്വെ ടിമിനെ ഇതിനായി നിയോഗിക്കും. ഒരു ദിവസം മൂന്ന് കിലോമീറ്റര്‍ സര്‍വ്വെ നടത്തും. പ്രവര്‍ത്തിക്കായി ആധുനിക രീതിയിലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കും. സര്‍വ്വെയുടെ മേല്‍ നോട്ടത്തിനായി വകുപ്പിന്റെ  30 സര്‍വ്വെയര്‍മാരെ നിയോഗിക്കും. ഇതിനു പുറമെ 30 സര്‍വീസില്‍ നിന്ന് പരിഞ്ഞ ജിവനക്കാരെയോ താല്‍ക്കാലിക്കാരെയൊ നിയമിക്കും. 90 ചെയിന്‍മാന്‍ മാരും ഉണ്ടാവും.

ഭൂവുടമകള്‍ വിജ്ഞാപനം വന്ന് 21 ദിവസത്തിനകം പരാതികളോ അപേക്ഷകളോ ഉണ്ടെങ്കില്‍ സമര്‍പ്പിക്കണം. ഇതിനായി ഏകീക്യത രീതിയുലള്ള പരാതി കേള്‍ക്കലും പരിഹാരവും ഉണ്ടാകും. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് നല്‍കുന്നതിനായി ആകര്‍ഷകമായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ലാ കലക്ര്‍ അറിയിച്ചു.

    നഷ്ടപ്പെടുന്ന മരങ്ങളുടെ കണക്ക് തയ്യാറാക്കാന്‍ വനം വകുപ്പിനും കാര്‍ഷിക നഷ്ടം കണക്കാക്കുന്നതിന് പ്രത്യേക വിംഗ് രൂപീകരിക്കാന്‍ ക്യഷി വകുപ്പിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. എല്ലാ നടപടികളും പൂര്‍ത്തിയാക്കി നവംബറില്‍ പണി തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ജില്ലാ ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്.

യോഗത്തില്‍ ദേശീയ പാതാ പ്രൊജക്ട് ഡയരക്ടര്‍ നിര്‍മ്മല്‍ സാവു, ദേശീയ പാതാ വിഭാഗം (എല്‍.എ) ഡെപ്യുട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍, ഡപ്യുട്ടി കലക്ടര്‍ എസ്.ജയശങ്കര്‍ പ്രസാദ്, പഞ്ചായത്ത് ഡപ്യുട്ടി ഡയരക്ടര്‍ കെ.മുരളീധരന്‍, ദേശീയ പാത(എല്‍.എ.) ലെയിസണ്‍ ഓഫിസര്‍ പി.പി.എ. അഷ്‌റഫ്, കണ്‍സള്‍ട്ടന്റ് കെ.സി.മോഹന്‍, പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം ഇ.ഇ.കെ.മുഹമ്മദ് ഇസ്മയില്‍,റോഡ്‌സ് വിഭാഗം ഇ.ഇ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.

date