Skip to main content

എസ്.എസ്.എല്‍.സി പരീക്ഷയില്‍ തരൂര്‍ മണ്ഡലത്തിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് നൂറു ശതമാനം വിജയം

 

 എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ ഒമ്പത് സ്‌കൂളുകളെ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററികാര്യ മന്ത്രിയും സ്ഥലം എംഎല്‍എയുമായ  എ കെ ബാലന്‍ അഭിനന്ദിച്ചു. തരൂര്‍ മണ്ഡലത്തില്‍ 14  സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി  പരീക്ഷ എഴുതിയത്.

എം.ആര്‍.എസ് പെരിങ്ങോട്ടുകുറുശ്ശി, ജി.എച്ച്.എസ്.എസ് കല്ലിങ്കല്‍പാടം, ജി.എച്ച്.എസ്.എസ് തോലനൂര്‍, ജി.എച്ച്.എസ്.എസ്  പെരിങ്ങോട്ടുകുറുശ്ശി, ജി.എച്ച്.എസ് ബമ്മണ്ണൂര്‍, ചെറുപുഷ്പം ഗേള്‍സ് എച്ച്.എസ.എസ് വടക്കഞ്ചേരി, എം.എം.എച്ച്.എസ്.എസ് പന്തലാംപാടം, പി.കെ.എച്ച്.എസ് മഞ്ഞപ്ര, കെ.സി.പി.എച്ച്.എസ്.എസ് കാവശ്ശേരി സ്‌കൂളുകളാണ് 100  ശതമാനം വിജയം നേടിയത്.   ബാക്കിയുള്ള സ്‌കൂളുകളില്‍ 97 ശതമാനം മുതല്‍ 99  ശതമാനം വരെയാണ് വിജയം.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടിയത് വടക്കഞ്ചേരി ചെറുപുഷ്പം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ്. 80  വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ഡലത്തിലെ നാല് സ്‌കൂളുകളില്‍ മാത്രമാണ് 100  ശതമാനം  വിജയം ഉണ്ടായത്. ഇത്തവണ അത് ഒന്‍പതു സ്‌കൂളായി ഉയര്‍ന്നു.

മണ്ഡലത്തില്‍ നടപ്പാക്കിയ 'മെറിറ്റ്' പരിപാടിയിലൂടെ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിശീലനവും നല്‍കി പരീക്ഷക്ക് സജ്ജരാക്കുകയും ചെയ്തു.  കോവിഡ് -19 കാലത്ത്  നടത്തിയ ബാക്കി പരീക്ഷകള്‍ സുരക്ഷിതരായി എഴുതാന്‍ എല്ലാ സഹായങ്ങളും നല്‍കി.

ഉന്നത വിജയം കരസ്ഥമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും പരീക്ഷയുടെ സുരക്ഷിതമായ നടത്തിപ്പിന് സഹായിച്ച സന്നദ്ധ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

വിജയം നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം പല കാരണങ്ങളാല്‍ ജയിക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ വീണ്ടും പരിശ്രമിച്ച് മികച്ച വിജയം നേടണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

date