Skip to main content

കോവിഡ് പ്രതിരോധം: ഫിഷ് ലാന്റിങ് സെന്ററുകളില്‍  ചില്ലറ മത്സ്യവില്‍പ്പനയ്ക്ക് കര്‍ശന വിലക്ക്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തീരദേശങ്ങളില്‍ കര്‍ശന നിയന്ത്രണം. ജില്ലയിലെ  ഫിഷ് ലാന്റിങ് സെന്ററുകളില്‍ ചില്ലറ വില്‍പ്പന നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. നിറമരുതൂര്‍ - തേവര്‍ക്കടപ്പുറം, താനൂര്‍ - ഉണ്ണിയാല്‍ അഴീക്കല്‍, പുറത്തൂര്‍ -പടിഞ്ഞാറെക്കര അഴിമുഖം, മംഗലം-കൂട്ടായി നോര്‍ത്ത്, വെട്ടം - വാക്കാട് എന്നിവിടങ്ങളില്‍ കടലില്‍ നിന്നുള്ള മത്സ്യങ്ങള്‍ മാത്രമേ വില്‍പ്പനക്ക്  എത്തിക്കാവൂ എന്നാണ് നിര്‍ദേശം. ചില്ലറ വില്‍പ്പന യാതൊരു കാരണവശാലും ഇവിടെ അനുവദിക്കില്ല. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ചില്ലറ വില്‍പ്പന നിരോധിച്ചിട്ടുള്ളത്.
ലാന്റിങ് സെന്ററിലേക്കുള്ള പ്രവേശനം മത്സ്യ മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും മാത്രമായിരിക്കും. അവര്‍ക്ക് വളണ്‍ിയര്‍മാര്‍   നല്‍കുന്ന ടോക്കണ്‍ പ്രകാരമാരമാണ് പ്രവേശനം നല്‍കുക. സെന്ററുകളില്‍ കോവിഡ് മാനദണണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം. രാവിലെ ഏഴ് മുതല്‍ മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഫിഷ് ലാന്റിങ് സെന്ററുകളിലെ പ്രവര്‍ത്തനം.
നിര്‍ദേശിക്കപ്പെട്ട ലാന്റിങ് സെന്ററില്‍ മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യ വില്‍പ്പന നടത്താവൂ. ലാന്റിങ് സെന്ററുകളിലെ  സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കളുടെ യോഗം വിവിധ സെന്ററുകളില്‍  ചേരും. കോവിഡ് - 19ന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകള്‍ അടച്ച സാഹചര്യത്തില്‍  ജില്ലയിലെ മറ്റു ലാന്റിങ് സെന്ററുകളില്‍  വലിയ തിരക്ക് അനുഭവപ്പെട്ടുന്നത് കണക്കിലെടുത്താണ്  മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 
യോഗത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ ഹനീഫ മാസ്റ്റര്‍, തിരൂര്‍ തഹസില്‍ദാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഹര്‍ബര്‍ എഞ്ചിനീയര്‍ വകുപ്പ്, മത്സ്യഫെഡ്,  പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date