ആരോഗ്യ മേഖലയിൽ നൂതന മാറ്റങ്ങളുമായി മാവേലിക്കര നിയോജകമണ്ഡലം
ആലപ്പുഴ: ആരോഗ്യ മേഖലയിൽ നൂതന മാറ്റങ്ങളുമായി മാവേലിക്കര നിയോജകമണ്ഡലം. മാവേലിക്കര ജില്ല ആശുപത്രിയിൽ 132 കോടി രൂപ ചെലവിൽ ഏഴുനില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് അനുമതി ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായി 102 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു.
ആംബുലൻസ് സേവനങ്ങളിൽ ഏറ്റവും മികച്ച ലെവൽ -ഡി ആംബുലൻസ് സേവനം ജില്ല ആശുപത്രിയിൽ അനുവദിച്ചു. ജില്ല ആശുപത്രിയിലേക്കായി രണ്ടുകോടി അഞ്ച് ലക്ഷത്തി 65000 രൂപയുടെ 12 ഐ. സി. യു ബെഡുകൾ, ആറ് വെൻറിലേറ്ററുകൾ എന്നിവയും അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ അനുവദിച്ച 44 ഡയാലിസിസ് യൂണിറ്റുകളിലൊന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് ആരംഭിച്ചത്. ആറു കിടക്കകളുള്ള ഡയാലിസിസ് കേന്ദ്രം ആയിരക്കണക്കിന് വൃക്ക രോഗികൾക്കാണ് ആശ്വാസമാകുന്നത്. കീമോതെറാപ്പി, കാരുണ്യ ഫാർമസി സൗകര്യവും രോഗികൾക്ക് ലഭ്യമാക്കി.
70 ലക്ഷം മുടക്കി ഡോർമറ്ററി-ക്യാന്റീൻ സംവിധാനങ്ങളും ജില്ലാ ആശുപത്രിയിൽ നിർമ്മിച്ചു. കൂടാതെ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ബഗ്ഗി ആംബുലൻസ് സേവനവും ജില്ല ആശുപത്രിയിലെ വികസന പ്രവർത്തനങ്ങളുടെ നേർ സാക്ഷ്യമാണ്.
നൂറനാട് ലെപ്രസി ലെപ്രസി സാനിറ്റോറിയത്തെ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനു 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 23 കോടിരൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സാനിറ്റോറിയത്തിന്റെ 137 ഏക്കർ ഭൂമിയിൽ ആശുപത്രി വേണമെന്ന ചിരകാല ആവശ്യമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പാക്കുന്നത്.
മാവേലിക്കര ആയുർവ്വേദ ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തഴക്കര ആയുർവേദ ആശുപത്രിയിൽ 50 ലക്ഷം രൂപ ചെലവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. താമരക്കുളം ആയുർവേദ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി.
സംസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയപ്പോൾ ആദ്യം ഉദ്ഘാടനം ചെയ്‌തവയിലൊന്ന് മാവേലിക്കര മണ്ഡലത്തിലെ പാലമേൽ എഫ്എച്ച്സിയാണ്. രണ്ടാംഘട്ടത്തിൽ വള്ളികുന്നം, താമരക്കുളം, നൂറനാട് തഴക്കര പിഎച്ച്സികളെ എഫ്എച്ച്സികളാക്കുന്ന പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
വള്ളികുന്നം പിഎച്ച്എസിക്കും താമരക്കുളം ആയുർവ്വേദ ആശുപത്രിക്കും 35 ലക്ഷം രൂപം വീതം ചെലവിട്ട് നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. 20 ലക്ഷം രൂപ ചെലവിട്ടുള്ള വള്ളികുന്നം ഹോമിയോ ആശുപപത്രിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരു കോടി ചെലവഴിച്ച് കുറത്തികാട് സിഎച്ച്എസിക്കും 15 ലക്ഷം ചെലവഴിച്ച് വരേണിക്കൽ പിഎച്ച്എസിക്കും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം നടത്താനായതും മണ്ഡലത്തിലെ ആരോഗ്യ മേഖലക്ക് വലിയ മുന്നേറ്റമാണ് നൽകിയിരിക്കുന്നതെന്ന് ആർ. രാജേഷ് എം. എൽ. എ പറഞ്ഞു.
- Log in to post comments