ക്ലസ്റ്ററുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
കോവിഡ് വ്യാപനം തടയുന്നതിന് വാര്‍ഡുതല കര്‍മ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി. 10 മുതല്‍ 15 വരെ വീടുകള്‍ അടങ്ങുന്ന ഓരോ ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ സ്വയം നിയന്ത്രിത ക്ലോസ്ഡ് ഗ്രൂപ്പുകളായി മാറ്റണം. ക്ലസ്റ്ററിനുളളില്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രൂപീകരിക്കപ്പെടുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്പര സമ്പര്‍ക്കം ഒഴിവാക്കണം. ഗ്രൂപ്പിനുള്ളിലെ അംഗങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ട് രോഗ വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറം സമ്പര്‍ക്കം വരാതെ സൂക്ഷിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്ത്‌പോകുന്നവരുടെ വിവരം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജനപ്രതിനിധികള്‍, പ്രാദേശിക തദേശസ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, തുടങ്ങിയവര്‍ ഇതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി നേത്യത്വം വഹിക്കണം. വാര്‍ഡുതല ഏകോപനത്തിന്റെ നേതൃത്വം വാര്‍ഡ്തല മെമ്പര്‍മാര്‍/കൗണ്‍സിലര്‍മാര്‍ക്കാണ്. വകുപ്പ് ഉദ്യോഗസ്ഥരും പൂര്‍ണ സഹകരണം നല്‍കണം.
പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ള വ്യാപാരസ്ഥാപനങ്ങള്‍ ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത ഡോര്‍ ടു ഡോര്‍ ആപ്പിന്റെ ഉപയോഗം പ്രയോജനപ്പെടുത്തണം. അത്യാവശ്യക്കാര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കണം. രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ സൗജന്യമായും അത് കഴിഞ്ഞുള്ളവയ്ക്ക് വ്യാപാരികളോ സേവന സന്നദ്ധരായി വരുന്ന ആളുകളോ തുക നിശ്ചയിച്ച് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം.
കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ കടകളില്‍ പകുതി മാത്രം ഒന്നിടവിട്ട ദിവസങ്ങളില്‍ വീതം പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ വ്യാപാരികളുടെ സംഘടനകളുമായും പോലീസുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഒറ്റയക്ക വാഹന നമ്പരുള്ളവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക വാഹന നമ്പരുള്ളവര്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമായി വാഹനങ്ങളുടെ ഉപയോഗം ക്രമപ്പെടുത്തണം.
കണ്ടയിന്‍മെന്റ് സോണുകളില്‍ വീടുകള്‍ കയറിയിറങ്ങി സാധനം വില്‍ക്കുന്നതും മൈക്രോ ഫിനാന്‍സ് പോലെയുളള വിവിധ പിരിവുകള്‍ നടത്തുന്നതും കര്‍ശനമായി നിരോധിച്ചു. ക്രമീകരണങ്ങള്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.
(പി.ആര്‍.കെ നമ്പര്‍ 1983/2020)
- Log in to post comments