ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തുടര്‍പരിശീലനവുമായി സി ഡി എം ആര്‍ പി
ഓണ്‍ലൈന്‍ പരിശീലനവും ഇന്റഗ്രേറ്റഡ്
ടെലി-റിഹാബിലിറ്റേഷനും സംഘടിപ്പിക്കുന്നു
കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ വിഭാഗമാണ് ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പരിശീലനം മുടങ്ങുന്നത് കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുമെന്നു മനസിലാക്കി അവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സി ഡി എം ആര്‍ പി (കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം). ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനവും തെറാപ്പിയും കരുതലും ഉറപ്പു വരുത്തുന്നതിനായി വിവിധ റിഹാബിലിറ്റേഷന്‍ പ്രൊഫഷണലുകളെ ഏകോപിപ്പിച്ചു കൊണ്ട് കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി വകുപ്പും സി ഡി എം ആര്‍ പിയും ഇന്റഗ്രേറ്റഡ് ടെലി റിഹാബ് ടീമുമായി രംഗത്തെത്തിയിരിക്കുകയാണ്.
'വീട്ടില്‍ ഒരു വിദ്യാലയം' എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീടുകളില്‍ തന്നെ പരിശീലനം നല്‍കുന്നതിനാവശ്യമായ വീഡിയോകള്‍, മാര്‍ഗരേഖകള്‍ ഇ- വര്‍ക്ക്ഷീറ്റുകള്‍, ടെലികൗണ്‍സിലിങ്ങ്, പാരന്റല്‍ എജുക്കേഷന്‍ എന്നിവ ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭ്യമാക്കും. വിവിധ തെറാപ്പിസ്റ്റുകളുമായി രക്ഷിതാക്കള്‍ക്ക് ഫോണ്‍ മുഖേന നേരിട്ട് വിളിച്ച് സംസാരിക്കാനും അവസരമുണ്ട.് കുട്ടിയുടെ വൈകല്യത്തിന്റെ അവസ്ഥയും തെറാപ്പികളുടെ ആവശ്യകതയും മനസിലാക്കി ബന്ധപ്പെട്ട തെറാപ്പിസ്റ്റുകള്‍ രക്ഷിതാക്കള്‍ക്ക് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ ഡി എച്ച് ഡി, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളുള്ള കുട്ടികള്‍ കൊവിഡ് കാലത്ത് വീട്ടില്‍ തന്നെ ആയതിനാല്‍ അവര്‍ക്ക് ഉണ്ടാകാവുന്ന സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നതാണ് ഇന്റഗ്രേറ്റഡ് ടെലി-റിഹാബിലേഷന്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബ്‌സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജുക്കേറ്റേര്‍സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, എന്നിവരുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാവും.
കുട്ടികള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ വ്യത്യസ്ത പരിശീലന വീഡിയോകളും മാര്‍ഗരേഖകളും ഇന്റഗ്രേറ്റഡ് ടെലി - റിഹാബിന്റെ തുടര്‍ച്ചയെന്നോണം നല്‍കുന്നുണ്ട്. തെറാപ്പി സംവിധാനങ്ങള്‍ ആവശ്യമുള്ള കുട്ടിയുടെ പേര്, വയസ്, നേരിടുന്ന പ്രശ്‌നം, സ്‌കൂള്‍, ആവശ്യമായ സേവനങ്ങള്‍ എന്നീ കാര്യങ്ങള്‍ ദിവസവും രാവിലെ 10 മണിക്കു മുമ്പായി 9810163896 ( ബുധന്‍, വെള്ളി) 9446855765 (ചൊവ്വ, വ്യാഴം) എന്ന നമ്പറില്‍ വാട്‌സ്ആപ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ 9061146222, 9061086222 എന്നീ നമ്പറുകളില്‍ ലഭിക്കും
- Log in to post comments