Skip to main content

സുഭിക്ഷ കേരളം പദ്ധതി:  വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍  13.14 കോടിയുടെ പദ്ധതികള്‍; തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ആണിത്  

സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലയിലെ നിര്‍വഹണ പുരോഗതിയും  ജില്ലാ ആസൂത്രണ സമിതി വിശദമായി അവലോകനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 13.14 കോടിയുടെ പദ്ധതികളാണ് നടത്തിവരുന്നത്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 7.18 കോടിയുടെ 11 പദ്ധതികളാണ് നടപ്പാക്കുന്നത്. 885 ഹെക്ടര്‍ ഭൂമിയില്‍ പുതുതായി കൃഷി ചെയ്യുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 2.98 കോടിയുടെ 4 പദ്ധതികളാണ് നടപ്പാക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 57 ലക്ഷം രൂപയുടെ ഒരു പദ്ധതിയാണ് നടപ്പാക്കുന്നത്. മത്സ്യ ബന്ധന വകുപ്പിന്റെ നേതൃത്വത്തില്‍ 38 ലക്ഷം രൂപയുടെ ഒമ്പത് പദ്ധതികളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2.03 കോടി രൂപയുടെ ഒമ്പത് പദ്ധതികളുമാണ് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള സാങ്കേതിക സമിതിയുടെ യോഗങ്ങള്‍ രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ കൂടണമെന്നും ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

എഡിഎം അലക്‌സ് പി.തോമസ്, അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാ സിനി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ലീലാ മോഹന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വിവിധ  വകുപ്പ്തല ജില്ലാ ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പങ്കെടുത്തു.

 

date