Skip to main content

കൊല്ലം മെഡിക്കൽ കോളേജിൽ കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു

കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ ഫ്‌ളാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിരോധത്തിനായി വലിയ പ്രവർത്തനങ്ങളാണ് കൊല്ലം മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂർണ സജ്ജമാക്കാൻ 300ൽ നിന്ന് 500 ലേക്ക് കിടക്കകൾ ഉയർത്തി. നവീകരിച്ച ഐസിയുവിൽ 18 കിടക്കകളാണ് ഉള്ളത്. ഈ ഐസിയു കൂടി പ്രവർത്തനസജ്ജമായതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിക്കാൻ സാധിക്കുന്നതാണ്. 42 വെന്റിലേറ്ററുകൾ കോവിഡ് രോഗിക്കൾക്കായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി 20 ലക്ഷം രൂപ മുടക്കി പ്ലാസ്മ ഫെറസിസ് മെഷീൻ ബ്ലഡ് ബാങ്കിൽ സ്ഥാപിച്ചു. ആശുപത്രിയിൽ ഇതുവരെ 8 രോഗികൾക്കാണ് പ്ലാസ്മ തെറാപ്പി നൽകിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് ലാബിന് ഐസിഎംആർ അംഗീകാരം ലഭിക്കുന്നത്. ഒന്നര കോടി രൂപയുടെ ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചത്. ഭാവിയിൽ വൈറോളജി റിസർച്ച് ലാബ് ആക്കുവാനുള്ള രീതിയിലുള്ള സ്ഥലസൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്. ജയലാൽ എം.എൽ.എ., ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം എന്നിവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 2602/2020

date