Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ട്രൂനാറ്റ് സംവിധാനം ആരംഭിക്കുന്നു

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയുടെ എണ്ണം കൂട്ടുന്നതിനായുള്ള ട്രൂനാറ്റ് മെഷീന്‍  പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്കും മറ്റു പരിമിധികളും കണക്കിലെടുത്താണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ട്രൂനാറ്റ് സൗകര്യമൊരുക്കുന്നത്.

നിലവില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ ശേഖരണം മാത്രമാണ് ജില്ലാ ആശുപത്രിയില്‍ നടക്കുന്നത്. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന ലിസ്റ്റ് പ്രകാരം
പെരിന്തല്‍മണ്ണ നഗരസഭ, മേലാറ്റൂര്‍ ബ്ലോക്ക്, മങ്കട ബ്ലോക്ക്  എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളുടെ സ്രവമാണ് പരിശോധനക്കായി എടുക്കുന്നത്. ഒരു ദിവസം മുപ്പതോളം പേരുടെ സ്രവശേഖരണമാണ് ആശുപത്രിയില്‍ നടത്തുക. അത്യാവശ്യഘട്ടങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിന് ട്രൂനാറ്റ് സംവിധാനം ഏറെ പ്രയോജനപ്പെടുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ സ്രവം പരിശോധനയ്ക്കായി എടുത്താല്‍ മൂന്നോ നാലോ ദിവസത്തിനു ശേഷമേ പരിശോധന ഫലം ലഭിക്കു. ട്രൂനാറ്റ് മെഷീന്‍ സ്ഥാപിക്കുന്നതിലൂടെ രണ്ടു മണിക്കൂറില്‍ ഫലം ലഭ്യമാകും. കോവിഡ് പരിശോധനയ്ക്ക് പുറമെ എച്ച്.ഐവി, ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, എച്ച്1എന്‍1, മലേറിയ, ടിബി, റബീസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ട പരിശോധനകളും ട്രൂനാറ്റ് മെഷീന്‍ ഉപയോഗിച്ച് നടത്താന്‍ സാധിക്കും. കേരള സര്‍ക്കാര്‍ സ്ഥാപിക്കുന്ന മെഷീന്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.  കൂടാതെ   ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലും ട്രൂനാറ്റ് മെഷീന്‍ സ്വന്തമായി സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

date