Skip to main content

തദ്ദേശസ്ഥാപനങ്ങളിലെ ജൈവ മാലിന്യ സംസ്‌കരണ വിജയമാതൃകകൾ: വെബിനാർ ഇന്ന് (ആഗസ്റ്റ് ഒന്ന്)

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (ആഗസ്റ്റ് ഒന്ന്) ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ നടക്കും. സുസ്ഥിരവികസന മാതൃകകൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില), ഹരിതകേരളംമിഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്നേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാർ പരമ്പരയിലെ അഞ്ചാം പതിപ്പാണ് നടക്കുന്നത്.
തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാമുരളീധരൻ ഐ.എ.എസ്. വെബിനാറിന് ആമുഖപ്രഭാഷണം നടത്തും.  ശുചിത്വ മിഷൻ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാർ വർമ്മ പാനൽ മോഡറേറ്ററാവും. നാസിക്കിലെ നിർമ്മൽഗ്രാം നിർമ്മാൺ കേന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകണ്ഠ എം. നവരേക്കർ, കാർഷികവികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി ഐ.എ.എസ്., ജലശക്തി മന്ത്രാലയത്തിലെ സ്വച്ഛ്ഭാരത് മിഷൻ (ഗ്രാമീൺ) കൺസൾട്ടന്റ് ഡോ. ഷൈനി ഡി.എസ്. എന്നിവരാണ് പാനലിലെ അംഗങ്ങൾ. ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ്‌ചെയർ പേർസൺ ഡോ. ടി.എൻ. സീമ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ. കെ.ജെ. ജോസഫ് എന്നിവരും  പങ്കെടുക്കും. സംസ്ഥാനത്ത് വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് ജൈവമാലിന്യ സംസ്‌കരണം നടത്തുകയും മറ്റു സ്ഥാപനങ്ങൾക്ക് അനുകരിക്കാനാവുംവിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഉള്ളടക്കം.
തൃശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ കോതമംഗലം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റി, തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് അതാത്സ്ഥാപന അധ്യക്ഷർ അവതരിപ്പിക്കുന്നത്. ഹരിതകേരളം മിഷൻ ഫേസ്ബുക്ക്   facebook.com/harithakeralammission, യൂട്യൂബ് ചാനൽ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക്  facebook.com/kilatcr,  യുട്യൂബ് ചാനൽ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക്  facebook.com/Gulati gift,  യുട്യൂബ് ചാനൽ youtube.com/GIFT kerala എന്നിവയിലൂടെ വെബിനാർ കാണാനാവും.
പി.എൻ.എക്‌സ്. 2623/2020

 

date