Skip to main content

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമാകുന്നു

* ഉദ്ഘാടനം ആഗസ്റ്റ് നാലിന്
1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശസ്വയംഭരണമന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായി ഉദ്ഘാടനം 14 കേന്ദ്രങ്ങളിലായി നടക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശറോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. 5000 പ്രവൃത്തികളിലൂടെ 11000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ് നിർവഹണം. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല മേൽനോട്ട സമിതിയുണ്ടായിരിക്കും.
പദ്ധതിയുടെ പുരോഗതി ജില്ലാ കളക്ടറാണ് അവലോകനം ചെയ്യുന്നത്. ഗുണമേൻമ പരിശോധിക്കാൻ ജില്ലാതല സാങ്കേതിക സമിതിയുമുണ്ടായിരിക്കും. സമിതിയിൽ ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയർ (റിട്ടയേർഡ്), ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അതത് സ്ഥാപനങ്ങളിലെ തദ്ദേശസ്ഥാപനത്തിലെ എഞ്ചീനീയർമാർ എന്നിവർ ഉണ്ടാകും.
ആദ്യഘട്ടത്തിൽ 2011 പ്രവൃത്തികൾക്ക് 3,54,59,31,290 രൂപയും രണ്ടാംഘട്ടത്തിൽ 2118 പ്രവൃത്തികൾക്ക് 3,88,43,09,090 രൂപയും അനുവദിച്ച് ഭരണാനുമതിയായിരുന്നു. കൂടാതെ, മൂന്നാംഘട്ടത്തിൽ 881 പ്രവൃത്തികൾക്ക് 173,64,81,200 രൂപയും മറ്റുഘട്ടങ്ങളിലെ പ്രവൃത്തികളുടെ മെച്ചപ്പെട്ട പൂർത്തീകരണത്തിന് 25,00,000 രൂപ അധികവും അനുവദിച്ച് ഭരണാനുമതിയായിരുന്നു.
പി.എൻ.എക്‌സ്. 2631/2020
 

date