സൂപ്പര്‍ എംആര്‍എഫ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് മാതൃകയായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടിയില്‍ സ്ഥാപിച്ച സൂപ്പര്‍ എംആര്‍എഫ് (മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്റര്‍) ശനിയാഴ്ച (ആഗസ്റ്റ് ഒന്നിന്) നാടിന് സമര്‍പ്പിക്കും. 75 ലക്ഷം ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും അനുബന്ധ യന്ത്രങ്ങളും സ്ഥാപിച്ച പദ്ധതിക്കായി തിരുവമ്പാടി ഗ്രാമപഞ്ചായത്താണ് സ്ഥലവും അനുബന്ധ സൗകര്യവും ഒരുക്കിയത്. ട്രാന്‍സ്‌ഫോര്‍മര്‍, 400 മീറ്റര്‍ റോഡ് വാട്ടര്‍ പൈപ്പ്‌ലൈന്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 60 ലക്ഷം ചെലവഴിച്ചത്. ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവയാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കിയത്. അക്രഡിറ്റഡ് ഏജന്‍സിയായ നിറവ് വേങ്ങേരിയും സംരംഭത്തിന് സാങ്കേതിക പിന്തുണയുമായി ഒപ്പമുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 9 ഗ്രാമപഞ്ചായത്തുകളിലുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശനിയാഴ്ച രാവിലെ 10 മണിക്ക് സൂപ്പര്‍ എംആര്‍എഫ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. കാരാട്ട് റസാക്ക് എംഎല്‍എ മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ കെ എം കുഞ്ഞി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments