Skip to main content

നീര്‍ച്ചാലുകളും കാര്‍ഷികരംഗവും തിരിച്ചു വരവിന്റെ പാതയിൽ

 

 

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ നീര്‍ച്ചാലുകളും കാര്‍ഷികരംഗവുമെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ നിരവധി തോടുകളും കുളങ്ങളും പാടശേഖരങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചു.

4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കായലാട് നടേരി തോടും കരുവോടു ചിറയുമായി ബന്ധപ്പെട്ട ആച്ചിക്കുളങ്ങര കണ്ടം ചിറ തോട് എന്നിവയെല്ലാം ബഹുജന പങ്കാളിത്തത്തോടെ വീണ്ടെടുത്തത് പ്രദേശത്തെ കാര്‍ഷികരംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. കായലാട് ആരംഭിച്ച് നടേരിയില്‍ അവസാനിക്കുന്ന തോട് ചെളിയും പായലുകളും മാറ്റി ആഴംകൂട്ടിയും അരിക് സംരക്ഷിച്ചും ജല സമൃദ്ധമാക്കി. കരുവോട് കണ്ടം ചിറയില്‍ 300 ഏക്കര്‍ തരിശുനിലം 5,000 പേരുടെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയാണ് കൃഷിയോഗ്യമാക്കി തീര്‍ത്തത്. കൂടാതെ ആറ് പാടശേഖരസമിതികളിലെ മുഴുവന്‍ തരിശുനിലവും കൃഷിയോഗ്യമാക്കി. ചാവട്ട് നെല്‍വയല്‍, കൊഴുക്കല്ലൂര്‍ വയൽ എന്നിവ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കതിരണിഞ്ഞു.

ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജനകീയ പരിപാടിയായ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായാണ് നീര്‍ച്ചാലുകളില്‍ ശുചീകരണം നടത്തിയത്. ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജലസ്രോതസുകള്‍ വൃത്തിയാക്കുന്ന യജ്ഞത്തെ നാട്ടുകാര്‍ ഏറ്റെടുക്കുകയും ചെയ്തു.  

പഞ്ചായത്ത് നടപ്പാക്കുന്ന 'ശുചിത്വം സുന്ദരം എന്റെ മേപ്പയ്യൂര്‍' പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തനം. തൊഴിലുറപ്പ് തൊഴിലാളികള്‍,   കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ തുടങ്ങിയവരെല്ലാം ശുചീകരണത്തിന് മുന്‍പന്തിയില്‍ തന്നെ നിന്നു. ഇതോടെ പഞ്ചായത്തിലെ കൃഷി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണ് നല്‍കാന്‍ സാധിച്ചത്.

 

 

 

 

date