പട്ടികവിഭാഗം സ്‌കൂൾ വിദ്യാർഥികൾക്കുള്ള ചെലവ് തുക അക്കൗണ്ടുകളിൽ നൽകണം- പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ
കോവിഡ് 19 പശ്ചാത്തലത്തിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ അധ്യയനം നടക്കാത്ത സാഹചര്യത്തിൽ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലഭ്യമാകുമായിരുന്ന ചെലവിനുള്ള തുക അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് സഹായം ഉറപ്പാക്കണമെന്ന് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര കമ്മീഷൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് നിർദേശം നൽകി.
കേരളാ പോലീസിൽ സിവിൽ പോലീസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികളിലേക്ക് പട്ടികവർഗ വിഭാഗക്കാർക്കായി നടത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെൻറിന് ആഗസ്റ്റ് മൂന്നു വരെ അപേക്ഷിക്കാമെന്ന വിവരം പ്രൊമോട്ടർമാർ മുഖേന പട്ടികവർഗ കോളനികളിൽ വ്യാപക പ്രചാരണം നൽകാൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. വയനാട്, മലപ്പുറം ജില്ലകളിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ളോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്ക് എന്നിവിടങ്ങളിലെ വനാന്തരങ്ങളിലേയും വനാർത്തികളിലെയും സെറ്റിൽമെൻറ് കോളനികളിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗക്കാർക്കാണ് സ്‌പെഷ്യൽ റിക്രൂട്ട്മെൻറ്.
ലൈഫ് പദ്ധതിയുടെ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടാത്ത ഭവന/ഭൂരഹിതർക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാമെന്നതും പ്രൊമോട്ടർമാർവഴി വ്യാപക പ്രചാരണം നടത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി/പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ നിർദേശം നൽകി.
പി.എൻ.എക്‌സ്. 2606/2020
- Log in to post comments