Skip to main content

*കോവിഡേതര രോഗചികിത്സയ്ക്ക് കൂടുതല്‍ ഉപകരിച്ചത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍*

 

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രധാന ആശുപത്രികളെല്ലാം കോവിഡ് ആശുപത്രികളായി മാറ്റിയപ്പോള്‍ കോവിഡേതര രോഗങ്ങളുടെ ചികിത്സയ്ക്ക് ഏറ്റവുമധികം ഉപകരിച്ചത് കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍. കേരളത്തിലെ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദമാക്കുന്നതിനു പുറമെ ഹൈടെക് സംവിധാനങ്ങളോടു കൂടിയുള്ളതാക്കുകയായിരുന്നു പ്രധാനമായും ആര്‍ദ്രം മിഷന്‍ മുന്നില്‍ക്കണ്ടത്. കോവിഡ്മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ മികവുറ്റതാക്കാന്‍ കഴിഞ്ഞ 4 വര്‍ഷമായി നടത്തി വരുന്ന ശ്രമങ്ങള്‍ ഏറെ ഉപകാരപ്രദമായിട്ടുണ്ട്. നിലവില്‍ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമാണ് ആളുകള്‍ വലിയ ആശുപത്രികളില്‍ എത്തുന്നത്. കോവിഡ് അല്ലാത്ത രോഗങ്ങള്‍ക്കുള്ള ചികിത്സ നാട്ടുമ്പുറങ്ങളിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിച്ച ആശ്വാസ് ക്ലിനിക്ക് ഡിപ്രഷന്‍ പോലുള്ള മാനസിക സംഘര്‍ഷങ്ങളും മറ്റു പ്രശ്‌നങ്ങളും ലഘൂകരിക്കുന്നതിന് സഹായകമായതും വലിയ മുതല്‍ക്കൂട്ടായെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുടെയെല്ലാം കൂട്ടായ്മയുടെ ഭാഗമായാണ് ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉണ്ടായത്. ഇതോടെ 400  ഏറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളില്‍ നാലുവരെയാണ് ഒ.പി സംവിധാനം ഒരുക്കിയിട്ടുള്ളത്. ആകെ 378 കേന്ദ്രങ്ങളുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം നിര്‍വഹിക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരുന്നതോടെ മികച്ച സൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമാകും.

പാലക്കാട് ജില്ലയില്‍ ചളവറ, നന്ദിയോട്, പറളി, കേരളശ്ശേരി, പള്ളിപ്പുറം, കപ്പൂര്‍, കുമ്പിടി, പട്ടിത്തറ, പെരുവെമ്പ്, വണ്ണമട, നല്ലേപ്പള്ളി, പെരിങ്ങോട്ടുകുറിശ്ശി, കാവശ്ശേരി, കുനിശ്ശേരി, അയിലൂര്‍, പല്ലശ്ശന, പുതുക്കോട്, ആനക്കട്ടി, മണ്ണൂര്‍, വാണിയംകുളം എന്നീ 20 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് ഓണ്‍ലൈനായി നിര്‍വഹിച്ചത്. തൃശ്ശൂര്‍-15, കോഴിക്കോട്-12, വയനാട്-9, തിരുവനന്തപുരം- 9, കണ്ണൂര്‍-7, മലപ്പുറം-8, എറണാകുളം-7, കാസര്‍കോഡ്- 5, കൊല്ലം-3, ആലപ്പുഴ-1 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി ഉദ്ഘാടനം കഴിഞ്ഞ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍.

date