*ജില്ലയില്‍ രോഗവ്യാപന ലക്ഷണമില്ല; കണ്ടെയ്ന്‍മെന്റ് സോണുകളെല്ലാം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചു-മന്ത്രി എ.കെ ബാലന്‍*
ജില്ലയില്‍ കോവിഡ് രോഗ വ്യാപന ലക്ഷണമില്ലെന്നും കണ്ടെയ്ന്‍മെന്റ് സോണുകളെല്ലാം ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചതായും പട്ടികജാതി - പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ - നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലെ മൂന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത ശേഷം നടന്ന സൂം മീറ്റിങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പട്ടാമ്പിയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മറ്റിടങ്ങളിലും ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് പൊതുവെ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കാന്‍ സാധിച്ചു. ആര്‍ദ്രം മിഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രയോജനകരമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
*കണ്ണമ്പ്ര, കോട്ടായി പി.എച്ച്.സികളെ ഉടന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും*
തരൂര്‍ മണ്ഡലത്തിനു കീഴിലുള്ള കണ്ണമ്പ്ര, കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യമൊരുക്കുന്ന ആര്‍ദ്രം പദ്ധതിയിലൂടെ പി.എച്ച്.സികളെ ശക്തിപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും തിരക്ക് ഒഴിവാക്കാനും ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് യഥാസമയം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. തരൂര്‍ മണ്ഡലത്തില്‍ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമാണ് ഉള്ളത്. കുത്തന്നൂര്‍ പി.എച്ച്.സി യെയാണ് ആദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചത്.
*തരൂര്‍ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് ചെലവഴിച്ചത് 17 കോടി*
ആരോഗ്യ പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് തരൂര്‍ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി സ്വീകരിച്ചു. എം.എല്‍.എ ഫണ്ട്, ബജറ്റ്, ആര്‍ദ്രം പദ്ധതി പ്രകാരമുള്ള ഫണ്ട് എന്നിവയാണ് ഇതിനായി പ്രധാനമായും വിനിയോഗിച്ചത്. എല്ലാ ആശുപത്രികളിലും ഡോക്ടര്‍, നഴ്‌സ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പുവരുത്തി. ലാബ് സൗകര്യം, മരുന്ന്, ആംബുലന്‍സ് തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ആരോഗ്യരംഗത്ത് 17 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
ഇതിനു പുറമെ റോഡപകടങ്ങളില്‍ പെടുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനും 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിനും സമഗ്ര ട്രോമാകെയര്‍ പദ്ധതി തരൂര്‍ മണ്ഡലത്തില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സി.എച്ച്.സി വടക്കഞ്ചേരി, സി.എച്ച്.സി പഴമ്പാലക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കനിവ് 108 ന്റെ രണ്ട് സൗജന്യ ആംബുലന്‍സ് സേവനങ്ങളും ആരംഭിച്ചു.
*ആരോഗ്യരംഗത്തെ വികസനം കോവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായകമായി*
ആരോഗ്യരംഗത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19 പ്രതിസന്ധിയെ നേരിടുന്നതിന് വളരെയധികം സഹായകമായതായി മന്ത്രി അറിയിച്ചു. എം .എല്‍ .എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. പി.പി. ഇ കിറ്റ്, എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍, പരിശോധന ഉപകരണങ്ങള്‍, ലാബ് എന്നിവ സജ്ജീകരിക്കുന്നതിന് എല്ലാ പി.എച്ച്.സികളെയും വിനിയോഗിച്ച് വരികയാണ്. വടക്കഞ്ചേരി സി.എച്ച്.സി.യില്‍്യ വെന്റിലേറ്റര്‍ സൗകര്യവും ഒരുക്കുന്നുണ്ട്. രോഗവ്യാപനമുണ്ടായാല്‍ നേരിടുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തെരഞ്ഞെടുത്തു. 765 കിടക്കകളാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പും നടത്തിയിട്ടുണ്ട്. പെരുങ്ങോട്ടുകുറിശ്ശി എം.ആര്‍.എസില്‍ എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചു. 45 ഓളം പേരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഒരു ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. മണ്ഡലത്തില്‍ ആകെ 56 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 42 എണ്ണം നെഗറ്റീവായി. 14 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും പോലീസ്, സന്നദ്ധ പ്രവര്‍ത്തകരും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും രോഗവ്യാപനം തടയുന്നതിനും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
- Log in to post comments