പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ആഗസ്റ്റ് നാല് മുതൽ 10 വരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ, ജലനിരപ്പ് റെഡ് അലേർട്ട് ലെവലിൽ ആയ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തിങ്കളാഴ്ച തുറന്നു. ഇതേത്തുടർന്ന് ചാലക്കുടി പുഴയോരത്ത് ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ച രണ്ട് മണിക്കാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയത്. തിങ്കളാഴ്ച ഉച്ച മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകൾ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തിര സാഹചര്യം നേരിടാൻ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാൻ ചാലക്കുടി നഗരസഭ, അതിരപ്പിള്ളി, പരിയാരം, കാടുകുറ്റി, അന്നമനട, കൂളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് നിർദേശിച്ചു.
ചാലക്കുടി പുഴയിൽ മീൻ പിടിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകി.
- Log in to post comments