Skip to main content

അപേക്ഷകളില്‍ നടപടിയെടുക്കാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ തടസമാകരുത്- ജില്ലാ കളക്ടര്‍

 

വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍  ഒഴിവാകാന്‍ കാത്തു നില്‍ക്കരുതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

പട്ടയം കിട്ടിയ ഭൂമിയുടെ സര്‍വ്വേ സ്കെച്ചിനുവേണ്ടി നല്‍കിയ അപേക്ഷയില്‍ നടപടി വൈകുന്നതു സംബന്ധിച്ച പരാതി പരിഗണിച്ച് മീനച്ചില്‍ താലൂക്ക് തല അദാലത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

 പരാതിക്കാരന്‍ ആവശ്യപ്പെട്ട സ്കെച്ച് ലഭ്യമാക്കുന്നതിന് സര്‍വ്വേയറെ ചുമതലപ്പെടുത്താന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയത്തിനായി അപേക്ഷ നല്‍കി ഏറെ നാളായിട്ടും പട്ടയം ലഭിച്ചില്ലെന്ന മീനച്ചില്‍ സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈനില്‍ ഹിയറിംഗ് നടത്തി പട്ടയം ലഭ്യമാക്കണമെന്ന് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ അദാലത്തില്‍ 35 അപേക്ഷകളാണ് പരിഗണിച്ചത്. 12 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു.

വീടിന് ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും  മതിലുകളും   നീക്കം ചെയ്യുക, കെട്ടിട നികുതി ഇളവ് അനുവദിക്കുക, വാട്ടര്‍ കണക്ഷന്‍ പുനസ്ഥാപിക്കുക, സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

പോക്കു വരവ് നടത്തി നല്‍കുന്നതിന് അദാലത്തില്‍  ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കി ഉത്തരവ് നല്‍കിയതായി  പാലാ ആര്‍.ഡി.ഒ കളക്ടറെ അറിയിച്ചു. എലിക്കുളത്തെ കക്കാ നീറ്റു ഫാക്ടറിയുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തില്‍   ഫാക്ടറിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കണമെന്ന പരാതിയില്‍ നടപടി സ്വീകരിച്ചു. 

മഴക്കാലത്ത് ഫാക്ടറിയില്‍ നിന്ന് അമിത പുകയും ദുര്‍ഗന്ധവും വമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് നോട്ടീസ് നല്‍കിയതായി പരാതിക്കാരെ കളക്ടര്‍ അറിയിച്ചു.

താലൂക്കിലെ അക്ഷയ കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി അനുവദിച്ച സമയങ്ങളില്‍ എത്തിയാണ് പരാതിക്കാര്‍ കളക്ടറുമയി സംസാരിച്ചത്. എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പ് മേധാവികള്‍, തഹസില്‍ദാര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് പങ്കെടുത്തു.

date