Skip to main content

ലൈഫ് മിഷന്‍ പദ്ധതി : ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം

 

 

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലും ഉള്‍പ്പെട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലേക്ക് ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒഴിവായ അര്‍ഹമായ കുടുംബങ്ങള്‍, പിന്നീട് അര്‍ഹത നേടിയ അപേക്ഷകര്‍ (2020  ജൂലൈ ഒന്നിനകം പുതിയ റേഷന്‍ കാര്‍ഡ് എടുത്തവര്‍), ലൈഫ് മിഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം, മൂന്നാംഘട്ടം എന്നീ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും മുന്‍പുള്ള റേഷന്‍ കാര്‍ഡില്‍ കുടുംബവീട് ഉള്ളതിനാല്‍ പരിഗണിക്കാന്‍ കഴിയാതിരുന്ന അപേക്ഷകര്‍ എന്നിവര്‍ക്കാണ്  ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം. അപേക്ഷകര്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ് അപേക്ഷ നല്‍കേണ്ടത്.  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ അക്ഷയ കേന്ദ്രങ്ങള്‍, മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ, സ്വന്തമായോ http://www.life2020.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്,  വരുമാന സര്‍ട്ടിഫിക്കറ്റ് , ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഭൂമിയില്ലെന്ന  സാക്ഷ്യപത്രം( ഭൂരഹിതഭവനരഹിതര്‍) , തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും മറ്റു സ്ഥലങ്ങളിലും കുടുംബാംഗങ്ങളുടെ പേരിലോ സ്വന്തം പേരിലോ ഭൂമിയില്ലെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  

date