Skip to main content

അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

 

ചരുവില്‍പ്പടി-നസറേത്ത് പള്ളിപ്പടി റോഡ് 

പുനര്‍നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു 

 

സമൂഹത്തിലെ ഏതൊരു വെല്ലുവിളിയേയും ഏറ്റെടുക്കുന്ന സ്ഥാപനങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയ്യായിരം ഗ്രാമീണ റോഡുകള്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട് നസറേത്ത് പള്ളി ഓഡിറ്റോറിയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018-ലെയും 2019-ലെയും പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. അയ്യായിരം പ്രവൃത്തിയിലൂടെ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡുകളാണ് പുനരുദ്ധരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

1000 കോടി രൂപ മുതല്‍മുടക്കുള്ള റോഡ് നവീകരണ പ്രവൃത്തി സുതാര്യമായി പൂര്‍ത്തിയാക്കും. നിര്‍മാണ പുരോഗതിയും ഗുണനിലവാരവും പരിശോധിക്കാന്‍ ജില്ലാതലത്തില്‍ നിരീക്ഷണ സമിതികള്‍ക്കു രൂപം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തിലാകും നിര്‍മാണം.

പദ്ധതിയിലൂടെ പ്രാദേശികതലത്തില്‍ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ ലഭിക്കും.പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃപരമായ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധികള്‍ക്കിടയിലും വികസന പദ്ധതികളും സാമൂഹ്യസുരക്ഷാ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഈ കാഴ്ചപ്പാടോടുകൂടിയാണ് 20,000 കോടിയുടെ സാമ്പത്തിക പാക്കേജും കാര്‍ഷിക വികസനത്തിനുള്ള 3860 കോടിയുടെ സുഭിക്ഷകേരളം പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ പദ്ധതികളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

പ്ലാന്‍ വിഹിതം വര്‍ഷാവര്‍ഷം വര്‍ധിപ്പിച്ചും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചും സേവനമേഖലയിലേക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കിയും കഴിഞ്ഞ നാലു വര്‍ഷം ഈ സര്‍ക്കാര്‍ കാര്യക്ഷമതയുടെ പുതിയ മാതൃക സൃഷ്ടിച്ചു. നാലുവര്‍ഷത്തിനിടയില്‍ നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ക്കിടയിലും പദ്ധതികള്‍ സ്തംഭിക്കാതെ മുന്നോട്ടുകൊണ്ടുപോകാനായി. നിരവധി തദ്ദേശസ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 100 ശതമാനം തുക വിനിയോഗിച്ചു. അതിന്റെ ഭാഗമായി വികസനത്തിന്റെ പുതിയ മാതൃകകള്‍ ഉയര്‍ന്നുവന്നു.

വികേന്ദ്രീകൃതാസൂത്രണം വഴി കേരളം കൈവരിച്ച നേട്ടങ്ങള്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനപദ്ധതികള്‍ കൃത്യമായി, സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. വികസനവും ഉത്പാദനവും ദുരന്തപ്രതിരോധവും ക്ഷേമപ്രവര്‍ത്തനവും എല്ലാം ഒരുമിച്ചുകൊണ്ടുപോകുന്ന നിലയാണ് നാടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

നടക്കില്ല എന്നു കരുതിയ ഒട്ടേറെ പദ്ധതികള്‍ നമുക്ക് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പോലും കേരളത്തില്‍ നടക്കില്ല എന്നു കരുതിയ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായി. ആര് തകിടംമറിക്കാന്‍ ശ്രമിച്ചാലും നാടിന്റെ  വികസനകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ടുപോകാനായി. ഇത് ചിലര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഇല്ലാക്കഥകള്‍ മെനയാനും ഭാവനയില്‍ ഒരുപാട് കഥകള്‍ സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ  ഭാഗത്തുനിന്ന് ഇത്തരം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെയെല്ലാം ഇകഴ്ത്തിക്കാണിക്കാന്‍ ഗവേഷണം നടത്തുകയാണ് ഇക്കൂട്ടര്‍. ജനങ്ങള്‍ക്കിതെല്ലാം നേരിട്ട് ബോധ്യമുള്ള കാര്യമാണ്. ഏതെങ്കിലും ചില കുബുദ്ധികള്‍ തയ്യാറാക്കുന്ന ഗൂഢപദ്ധതികളുടെ ഭാഗമായി നേരിട്ട് ബോധ്യമുള്ള കാര്യങ്ങളെ അട്ടിമറിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. 

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്തിലെ  ചരുവില്‍പ്പടി-നസറേത്ത് പള്ളിപ്പടി റോഡും ഉള്‍പ്പെടും.  നസറേത്ത് പള്ളിപ്പടി - ചരുവില്‍പ്പടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമാണ് 25 ലക്ഷം രൂപ ചിലവില്‍ നവീകരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റോഡിന്റെ 50 മീറ്റര്‍ നീളത്തില്‍ വീതി കൂട്ടുകയും സൈഡ് കെട്ടുകയും കലുങ്ക് നിര്‍മ്മാണവും 500 മീറ്റര്‍ ടാറിംഗും ഈ പദ്ധതിയില്‍പെടുന്നു. 

25 ലക്ഷത്തില്‍ അധികം വരുന്നതു തുക എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ, റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബി.സുരേഷ്, വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി പാണ്ടിയത്ത്, പഞ്ചായത്ത് അംഗങ്ങളായ സിനി എബ്രഹാം, ഷിബു സാമുവേല്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (എല്‍ എസ് ജി ഡി) എം.ജി ഹരികുമാര്‍, സസ്രിയത്ത് പള്ളി വികാരി റവ: ബെന്നി വി.എബ്രഹാം തുടങ്ങിയവര്‍ ജില്ലയിലെ യോഗത്തില്‍ പങ്കെടുത്തു.

 

date