മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട എഴുകോണ്‍ പഞ്ചായത്തിലെ കോഴിക്കോടന്‍മുക്ക്-ചാമുണ്ടി പാലം-മുളവന റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു.
പ്രതിസന്ധി ഘട്ടത്തിലും പദ്ധതി തുകയുടെ വിനിയോഗത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈവരിച്ചതെന്നും 100 ശതമാനം തുക വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ളത് സര്‍ക്കാരിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൊതുജന താല്‍പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
70 ലക്ഷം രൂപയാണ് കോഴിക്കോടന്‍മുക്ക്-മുളവന റോഡിന്റെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 35.89 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ മേല്‍നോട്ട സമിതിയുണ്ടായിരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. പി അയിഷ പോറ്റി എം എല്‍ എ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, എഴുകോണ്‍ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ആര്‍ സതീശന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2083/2020)
- Log in to post comments