എഴുന്നൂറോളം വരുന്ന കോവിഡ് രോഗികള്‍ക്ക് അന്നമേകി നാഷണൽ ഹെൽത്ത് മിഷൻ
ആലപ്പുഴ : കായംകുളത്തെ എൽമെക്സ് ആശുപത്രി, മാവേലിക്കരയിലെ പി എം ആശുപത്രി ചെങ്ങന്നൂറിലെ സെഞ്ച്വറി ആശുപത്രിയി എന്നീ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 700 ഓളം വരുന്ന രോഗികൾക്ക് ദിവസവും സൗജന്യഭക്ഷണമെത്തിക്കുകയാണ് ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷൻ. രാവിലെ ചായയിൽ ആരംഭിച്ചു പ്രഭാത ഭക്ഷണം, ഉച്ചഊണ്, വൈകിട്ട് ചായ ലഘു ഭക്ഷണം, രാത്രി ആഹാരം എന്നിങ്ങനെ ഒരു ദിവസത്തെ ആവശ്യമായ മുഴുവൻ ഭക്ഷണങ്ങളും നൽകി വരുന്നുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നാഷണൽ ഹെൽത്ത് മിഷൻ ട്രെയിനിങ് സെന്ററിലെ അടുക്കളയിൽ നിന്ന് പാകം ചെയ്താണ് ജില്ലയിലെ വിവിധ സെന്ററുകളിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
ലോക്ക് ഡൗണിന്റെ തുടക്കത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡിന്റെ ഭാഗമായി ജോലി നിർവഹിച്ചു കൊണ്ടിരുന്ന എൻ എച്ച് എമ്മിന്റെ ജീവനക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതിന് വേണ്ടി ആരംഭിച്ച അടുക്കളയിൽ നിന്ന് പിന്നീട് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചതോടെ ഭക്ഷണം അവിടേയ്ക്കും നൽകാന്‍ ആരംഭിച്ചുവെന്ന് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ കെ ആർ രാധാകൃഷ്ണൻ പറഞ്ഞു.
എൻ എച്ച് എമ്മിന്റെ ഡയറ്റിഷൻ ജോഷിമി വർഗീസിന്റെ നേതൃത്വത്തിൽ 14 ജീവനക്കാർക്കാണ് അടുക്കളയുടെ ചുമതല. വിവിധ ഷിഫ്റ്റുകളിലായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പുലർച്ച 3.30 നു ആരംഭിക്കുന്ന പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കും അതിനു ശേഷം അടുത്ത ഷിഫ്റ്റ് ആരംഭിച്ചു വൈകിട്ട് 5.30നു രാത്രി ഭക്ഷണം കൊടുത്തു വിടുന്നതിലൂടെ അവസാനിക്കും.
ഓരോ ദിവസവും വ്യത്യസ്ത ആഹാരങ്ങളാണ് അടുക്കളയിൽ തയ്യാറാക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ബിരിയാണി നൽകും. പച്ചക്കറി, മീൻ, ഇറച്ചി, പലവഞ്ജനങ്ങൾ തുടങ്ങിയവ നേരിട്ട് ഗുണ നിലവാരം ഉറപ്പു വരുത്തിയാണ് വാങ്ങി ഉപയോഗിക്കുന്നത്. കൂടാതെ കുടുംബശ്രീ വഴി വാങ്ങുന്ന പലഹാരങ്ങൾ അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ദിവസവും വിതരണത്തിനെത്തിക്കുന്നത്. സെന്ററുകളിൽ വിവിധ പ്രായത്തിലുള്ള രോഗികളാണുള്ളത്. അവരുടെ ആരോഗ്യം മുന്നിൽ കണ്ടു ആവശ്യാനുസരണം ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനും ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്ന് ജില്ലാ പ്രൊജക്ട് മാനേജർ പറഞ്ഞു്. ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കുള്ള കുറുക്കും 10 വയസിനു താഴെയുള്ള കുട്ടികൾക്ക് ആഹാരത്തിനു പുറമെ പാൽ, മുട്ട, പുഴുങ്ങിയ ഏത്തപ്പഴം, ബിസ്‌ക്കറ്റ് എന്നിവയും നൽകി വരുന്നുണ്ട്. പ്രമേഹ രോഗികൾ, അലർജി ഉള്ളവർ, പ്രായമായവർ എന്നിവർക്കും പ്രത്യേക ആഹാര സംവീധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ദിവസവും രോഗികളിൽ നിന്ന് പ്രതികരണങ്ങൾ ചോദിച്ചറിഞ്ഞു അവരുടെ താല്പര്യങ്ങൾ അറിഞ്ഞു അടുക്കളയുടെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്താറുണ്ടെന്ന് നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം കെ ആർ രാധാകൃഷ്ണൻ പറഞ്ഞു. മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ജില്ല പഞ്ചായത്തിന്‍രെ നേതൃത്വത്തിലാണ്. മെഡിക്കല്‍ കോളജ് കാന്റീനോട് ബന്ധപ്പെട്ടാണ് കോവിഡ് രോഗികള്‍ ഉള്‍പ്പടെയുള്ള അഞ്ഞൂറോളം പേര്‍ക്ക് ജില്ല പഞ്ചായത്ത് ഭക്ഷണം തയ്യാറാക്കി നല്‍കുന്നത്. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.മാത്യു ഉള്‍പ്പടെയുള്ളവര്‍ എന്‍.എച്ച്.എമ്മിന്‍രെ അടുക്കള സന്ദര്‍ശിച്ചിരുന്നു.
- Log in to post comments