കൈനകരിക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ബേക്കറി പാലം
ആലപ്പുഴ: കുട്ടനാട് കൈനകരി പഞ്ചായത്തിലെ ബേക്കറി പാലം ഗതാഗത യോഗ്യമാക്കി തുറന്നു കൊടുത്തതോടെ യാഥാര്‍ത്ഥ്യമായത് പ്രദേശവാസികളുടെ ദീര്‍ഘകാല സ്വപ്നം. ദീര്‍ഘകാല ആവശ്യമായ ഈ പാലം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കും വഴിയൊരുക്കും. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലേറിയ ശേഷമാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പഞ്ചായത്തിലെ നാല്, ആറ്, എട്ട്, വാര്‍ഡുകളില്‍ താമസിക്കുന്ന ഏഴായിരത്തോളം ആളുകള്‍ക്കാണ് പ്രധാനമായും ഈ പാലം കൊണ്ട് പ്രയോജനം ലഭിക്കുക. 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പൊതുമരാമത്തു രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു.
ആംബുലന്‍സിന് പോകാനുള്ള വീതിയിലാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. പഴയ പാലം പൊളിഞ്ഞ് പോയതിന് ശേഷം പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നത് വരെയുള്ള കാലയളവില്‍ ജനങ്ങള്‍ക്ക് മറുകര കടക്കാനായി ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കടത്ത് വള്ളം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. സെന്റ് മേരീസ് സ്കൂള്‍, ഹോളി ഫാമിലി സ്കൂള്‍, കെ.ഇ. കാര്‍മല്‍ സ്കൂള്‍, എസ്.എന്‍.ഡി.പി സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും സമീപത്തുള്ള പള്ളിയില്‍ പോയിരുന്നവരും ഈ കടത്ത് വെള്ളത്തെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഇവര്‍ക്കെല്ലാം വളരെയധികം സഹായകരമാണ് ബേക്കറി പാലം. പമ്പയാറിന് കുറുകെ നിര്‍മിക്കുന്ന പ്രധാന പാലമായ മുണ്ടക്കല്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്ത്തിയാകുന്നതാടെ കൂടുതല്‍ ഗതാഗത സൗകര്യം ഉള്‍പ്പെടെയുള്ളവ പ്രദേശവാസികള്‍ക്ക് ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് പറഞ്ഞു. ഹൗസ്ബോട്ട് ഉള്‍പ്പെടെ കടന്ന് പോകുന്നതിനായി ആവശ്യമുള്ളത്ര ഉയരത്തിലാണ് പാലം നിര്‍മിച്ചത്. പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഭാഗമായി നിലവില്‍ 22.7 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇതിൻറെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെ തുടര്‍ച്ചയായി മടവീഴ്ചയുണ്ടാകുന്ന വലിയതുരുത്ത് പാടശേഖരത്തിന്റെ പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കാന്‍ അഞ്ച് കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചുള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. ഇതോടെ ബണ്ടില്‍ താമസിക്കുന്ന 300 കുടുംബങ്ങളുടെ ദുരിതത്തിനാണ് അവസാനമാവുക. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിലെ ഏറ്റവുമധികം വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന അഞ്ച്, എട്ട് വാര്‍ഡുകളിലെ പ്രധാന തുരുത്തുകളായ ഊരാളശ്ശേരി, പ്ലാശ്ശേരി, ഭജനമഠം, ഐലന്‍ഡ് എന്നിവ കല്ലുകെട്ടി സംരക്ഷിക്കുന്നതിനായി 7.7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നെടുമുടി- കുപ്പപ്പുറം- വേമ്പനാട് കായല്‍തീരം റോഡിന്റെ നിര്‍മാണത്തിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ റോഡിന്റെ അവസാന റീച് പൂര്‍ത്തിയാക്കാന്‍ സാധിക്കും. വേമ്പനാട് കായല്‍ തീരത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും. കുട്ടനാടിന്റെ ടൂറിസം മേഖലക്ക് ഏറെ ഗുണകരമാകുന്ന റോഡാണിത്.
- Log in to post comments