Skip to main content

വിശ്രമ കേന്ദ്രങ്ങൾ, ബസ് സ്റ്റന്റുകൾ എന്നിവിടങ്ങളിൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  ബിന്നുകൾ സ്ഥാപിക്കണം- ജില്ല കളക്ടർ

 

ആലപ്പുഴ:ജില്ലയിലെ പഞ്ചായത്തുകളിൽ നിലവിലുള്ള വിശ്രമ കേന്ദ്രങ്ങൾ, ബസ് സ്റ്റന്റുകൾ എന്നിവിടങ്ങളിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഖരമാലിന്യം ശേഖരിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കണമെന്ന് ജില്ല കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.  സൂം മീറ്റിങ് വഴിയായിരുന്നു യോഗം. ജില്ലാ എൻവയോൺമെന്റൽ എഞ്ചിനീയർ ബി.ബിജു, ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം, ഹരിതകേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.എസ്. രാജേഷ് , ഭൂജല വകുപ്പ് ജിയോളജിസ്റ്റ് അനുരൂപ് തുടങ്ങി വിവിധ വകുപ്പ്ത ഉദ്യോഗസ്ഥർ പങ്കെടുത്തു. 

 

തദ്ദേശ സ്ഥാപനങ്ങൾ ഇനി സ്ഥാപിക്കാനുദ്ദേശിക്കുന്ന വിശ്രമ കേന്ദ്രങ്ങൾ പൊതുജനങ്ങൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യത്തോടു കൂടി നിർമ്മിക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കൂടാതെ പബ്ലിക് ടോയിലറ്റുകൾ സ്ഥാപിക്കാനായി പഞ്ചായത്ത് തലത്തിൽ തയ്യാറാക്കുന്ന പ്രോജക്ടുകൾ എല്ലാം ലിംഗസൗഹൃദമായിട്ടുള്ള ടോയിലറ്റുകൾ സ്ഥാപിക്കുന്ന രീതിയിൽ പ്ലാൻ പരിഷ്ക്കരിച്ച് നടപ്പാക്കാനും തീരുമാനിച്ചു.

 

ജില്ലയിലുണ്ടാകുന്ന വിവിധ ഖര-ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണത്തിനായി മതിയായ ശേഷിയോടു കൂടിയ മാലിന്യ സംസ്കരണ് സംവിധാനങ്ങൾ അടിയന്തിരമായി നിലവിൽ വരേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും നല്ല 10 പഞ്ചായത്തുകളെ ആദ്യഘട്ടമെന്ന നിലയിൽ തിരഞ്ഞെടുത്ത് പ്രോത്സാഹനം നൽകാൻ തീരുമാനിച്ചു. പഞ്ചായത്തുകളെ തിരഞ്ഞെടുക്കുന്നതിനും, തുടർനടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ജില്ല പരിസ്ഥിതി എഞ്ചിനീയർ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർമാരെയും ജില്ലാ പ്ലാനിംഗ് ഓഫീസറിനെയും ചുമതലപ്പെടുത്തി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിൽ വരുന്ന പുഴകളുടെയും, തോടുകളുടെയും കുളങ്ങളുടെയും കനാലുകളുടെയും സംരക്ഷണത്തിനായി പഞ്ചായത്തുകൾ ഇതുവരെ നടത്തിയതും, നടത്തി വരുന്നതും, നടത്താൻ വിഭാവനം ചെയ്തിരിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങൾ എല്ലാ മാസവും പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒറ്റക്കോ കൂട്ടായോ മതിയായ ശേഷിയുള്ള പൊതു എസ്.റ്റി.പി. എഫ്.എസ്.റ്റി.പി. (ശുചിമുറി മാലിന്യ/മലിനജല സംസ്കരണ പ്ലാന്റുകൾ) അടിയന്തിരമായി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ശുചിത്വ മിഷൻ മുഖേന ലഭിക്കുന്ന ഫണ്ടോ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിന്റെ നിശ്ചിത ശതമാനമോ ഉപയോഗിച്ച്, ജില്ലാ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയോ ഒന്നിലധികം പഞ്ചായത്തുകൾ കൂട്ടായി ചേർന്നോആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണം. 

ജില്ലയിലുണ്ടാകുന്ന ഇലക്ട്രോണിക്സ് മാലിന്യങ്ങളുടെ ശാസ്ത്രീയ ശേഖരണവും, സംസ്കരണവും ഉറപ്പാക്കുന്നതിനായി മാതൃകാ പഞ്ചാ യത്തുകളിൽ നടപ്പാക്കിയതിന് സമാനമായി മറ്റ് 69 പഞ്ചായത്തുകളിലും ഇ-വേസ്റ്റ് കളക്ഷൻ ക്യാമ്പയിൻ അടിയന്തിരമായി നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി കൈക്കൊണ്ട നടപടികൾ പഞ്ചായത്തുകൾ എല്ലാ മാസവും മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കണം. 

മലിനീകരിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ള മണിമലയാറിന്റെ കല്ലൂപ്പാറ തോണ്ട്റ, പമ്പാ നദിയുടെ മാന്നാർ-തകഴി എന്നീ നദീതടങ്ങളുടെ ജലഗുണനിലവാര സംരക്ഷണത്തിനും, പുനരുജ്ജീവനത്തിനുമായി ഈ ഭാഗങ്ങൾ കടന്നു പോകുന്ന പഞ്ചായത്തുകളിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി അടിയന്തിരമായി നടപ്പാക്കാൻ തീരുമാനിച്ചു.

 

date