ഐ ടി ബി പി : സ്ഥിരീകരിച്ച കേസുകൾ പുതുതായി കേരളത്തിലെത്തിയ ഉദ്യോഗസ്ഥരുടേത്
ആലപ്പുുഴ: ഐടിബിപിയില്‍ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകള്‍ ഇതരസംസ്ഥാനത്തു നിന്നും പുതുതായി വന്ന ടീമംഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ജില്ലാ കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു. റൊട്ടേഷണല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ 7ന് പുതിയ 50 ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി.
ജൂലൈ 7 ന് ജലന്ധറില്‍ നിന്ന് എത്തിയ അമ്പത് പേരെയും പാലമേല്‍ ശബരി സെന്‍ട്രല്‍ സ്‌കൂളില്‍ ക്വാറന്റീന്‍ ചെയ്തിരുന്നു. തുടര്‍ന്ന് വ്യക്തിഗത ക്വാറന്റീനിനായി ബുദ്ധ എഞ്ചിനീയറിംഗ് കോളേജിലേക്ക് ഇവരെ മാറ്റി. ഇവരുടെ സ്രവപരിശോധന ആഗസ്റ്റ് 2ന് നടത്തുകയും ഇവരില്‍ 35 പേര്‍ക്ക് ഇന്ന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആറ് ഐടിബിപി ഉദ്യോഗസ്ഥരുടെ കൂടി സ്രവ പരിശോധന നടത്തിയെങ്കിലും ഇവരുടെ റിസള്‍ട്ട് നെഗറ്റീവ് ആണ്.
ഐടിബിപി ഉദ്യോഗസ്ഥര്‍ ജില്ലയിലെത്തിയതു മുതല്‍ നിരിക്ഷണത്തിലായതിനാല്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടായിട്ടില്ല. അതിനാല് പൊതുജനങ്ങള്‍ക്ക് ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയയ്ക്കരുതെന്ന് ജില്ലാ കളക്ടര്‍ ഐടിബിപി അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
- Log in to post comments