നിലമ്പൂരിലെ ആദിവാസി ഊരുകളില്‍ ഇനി സഞ്ചരിക്കുന്ന റേഷന്‍കട: ഉദ്ഘാടനം ഇന്ന് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും
നിലമ്പൂര്‍ താലൂക്കിലെ ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന റേഷന്‍കട ഇന്ന് (ഓഗസ്റ്റ് അഞ്ച്) വൈകീട്ട് 3.30ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന ഉദ്ഘാടനം ചെയ്യും. കരുളായി പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാകും. സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഫ്‌ളാഗ് ഓഫും എം.എല്‍.എ നിര്‍വഹിക്കും. ഭക്ഷ്യധാന്യ കൈമാറ്റം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ വിശാരി നിര്‍വഹിക്കും.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പട്ട വനമേഖലകളില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനാണ് സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജില്ലയിലെ മലയോര മേഖലയായ നിലമ്പൂര്‍ പ്രദേശത്ത് മഴക്കെടുതി രൂക്ഷമാകുന്നതും പുറം ലോകവുമായി ബന്ധം കുറവുള്ളതുമായ ധാരാളം ആദിവാസി ഊരുകളുണ്ട്. അവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി വനമേഖലയിലൂടെ രണ്ട് മുതല്‍ 14 കി.മീറ്റര്‍ വരെ കാല്‍ നടയായി സഞ്ചരിക്കേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നിന്നും ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കരുളായി, മൂത്തേടം, ചാലിയാര്‍ ഗ്രാമപഞ്ചായത്തുകളിലെ മുണ്ടക്കടവ്, നെടുങ്കയം, ഉച്ചക്കുളം, അമ്പുമല എന്നീ കോളനികളിലേക്കാണ് സഞ്ചരിക്കുന്ന റേഷന്‍കട വഴി ആദ്യ ഘട്ടത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നത്.
- Log in to post comments