Skip to main content

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഇന്ന്

 

ആലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം ഇന്ന് ( ആഗസ്റ്റ് 7) രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വീഡിയോ കോൺഫറൻസ് വഴിയാണ് ക്യാമറകളുടെ സ്വിച്ച് ഓൺ കർമം.

ബ്ലോക്ക് പഞ്ചായത്തിന്റെ 24,78, 931 ഉം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ച് ഗ്രാമ പഞ്ചായത്തുകളുടെ വിഹിതമായ 15,00,000 രൂപയും ഉൾപ്പെടെ 39,78,931 രൂപാ ചെലവിൽ 38 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയായ കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 19 കി.മീ. ദൈർഘ്യത്തിൽ 17 സ്ഥലങ്ങളിലായാണ് കാമറകൾ സ്ഥാപിച്ചത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് ക്യാമറകളാണിത്. രാത്രി കാല ദൃശ്യങ്ങളും ഇതിൽ വ്യക്തമായി പതിയും. അപകട രഹിതമാലിന്യ രഹിത അമ്പലപ്പുഴ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് പറഞ്ഞു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, അഞ്ച് ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ, അമ്പലപ്പുഴ, പുന്നപ്ര പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടം നിർദേശിക്കുന്ന ജില്ലാ ഓഫീസുകളിലും ലഭ്യമാകുമെന്നും കെ.എം. ജുനൈദ് പറഞ്ഞു.ദേശീയപാതയിൽ അപകടമുണ്ടാക്കി കടന്ന് പോകുന്ന വാഹനങ്ങൾ പിടികൂടാനും, ദേശീയ പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാനും ഈ നിരീക്ഷണ ക്യാമറാ സംവിധാനത്തിലൂടെ കഴിയും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ ലഹരി വസ്തുക്കളുടെ വിൽപ്പനയും ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

date