ലൈഫ് ഭവന പദ്ധതി പുതിയ അപേക്ഷകള്‍ ആഗസ്റ്റ് ഒന്നു മുതല്‍
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ 2017 ല്‍ പ്രസിദ്ധീകരിച്ച് ഇപ്പോള്‍ നിര്‍വ്വഹണം നടക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതിരുന്നവര്‍ക്ക് പുതിയ അപേക്ഷകള്‍ നല്കാന് അവസരമൊരുങ്ങുന്നു. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും 2021 ഓടെ വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പട്ടിക തയ്യാറാക്കുന്നത്. ലൈഫ് മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായ ഭൂമിയുള്ളവരും ഇല്ലാത്തവരുമായ ഭവനരഹിതര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ 14 വരെ അപേക്ഷ നല്‍കാം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് സേവനകേന്ദ്രങ്ങള്‍ എന്നിവ വഴിയും സ്വന്തമായും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഇവകൂടി അപ്ലോഡ് ചെയ്യേണ്ടതാണ്. ഗ്രാമപ്രദേശങ്ങളില്‍ 25 സെന്റില്‍ താഴെ ഭൂമിയുള്ളതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, വാസയോഗ്യമായ വീടില്ലാത്തവരെയാണ് പരിഗണിക്കുക. മുനിസിപ്പാലിറ്റികളില്അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ. ഭൂരഹിതരായവര്‍ തങ്ങളുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബത്തില്‍ ആര്‍ക്കും ഭൂമിയില്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും കൂടി ഹാജരാക്കണം. 2020 ജൂണ്‍ 30 വരെ ലഭിച്ച റേഷന്‍കാര്‍ഡുള്ള കുടുംബങ്ങളെ പരിഗണിക്കുന്നതാണ്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒരു കുടുംബമായി കണക്കാക്കി, ആ കുടുംബത്തില്‍ വാസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. അപേക്ഷകന് നിലവില്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 15000 ത്തോളം വീടുകള്‍ പൂര്‍ത്തിയായതായി ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍ അറിയിച്ചു,
- Log in to post comments