Skip to main content

വയോജനങ്ങൾക്ക് തണലേകാൻ 'സ്നേഹസ്ഥലി'

 

 

 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പകൽവീട് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തിരുവങ്ങൂരിൽ നിർമ്മിച്ച പകൽ വീട് 'സ്നേഹസ്ഥലി' തൊഴിൽ  വകുപ്പ്  മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പകൽവീടുകൾ പോലുള്ള കേന്ദ്രങ്ങളിലൂടെ അന്തേവാസികളുടെ കഴിവുകൾ സമൂഹത്തിന് വേണ്ടിയും അവരവർക്ക് വേണ്ടിയും ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  ഈ മാസം മുതൽ 1,400 രൂപയാണ് ക്ഷേമപെൻഷനുകളായി വിതരണം ചെയ്യുക.  പെൻഷൻ അതത് മാസം 20 നും 30 നും ഇടയിൽത്തന്നെ നൽകുമെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ എത്തിച്ചു നൽകുന്നവർക്ക് അതേ നിലയിലും ബാങ്ക് മുഖേന നൽകുന്നവർക്ക് അങ്ങനെയും തന്നെ നൽകും.  ജനങ്ങൾക്ക് ഉപകാരപ്രദമായ വിവിധതരത്തിലുള്ള പദ്ധതികളാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്. പ്രായമായവരെയും മറ്റും ചേർത്തു പിടിക്കുകയാണ് ഭരണസമിതി ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 24 ലക്ഷം രൂപയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ ഏഴ് ലക്ഷം രൂപയും ചെലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് പകൽ വീട് നിർമ്മിച്ചത്. ഇരുനില കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകളും, ടിവി, ഹോംതിയേറ്റർ തുടങ്ങിയവയും വാങ്ങാൻ ഏഴ് ലക്ഷം രൂപ മന്ത്രി ടി.പി രാമകൃഷ്ണൻ ബെവ്കോയിൽ നിന്നും അനുവദിച്ചതാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കെ.ദാസൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  അശോകൻ കോട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഇ.അനിൽകുമാർ, പി.പി. ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി നാരായണി, ഐസിഡിഎസ്സ് സൂപ്പവൈസർ കെ.വിജല എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനിയർ കെ. ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

date