Skip to main content

മോയിൻകുട്ടി വൈദ്യർ നാദാപുരം ഉപകേന്ദ്രത്തിന് തുടർസഹായം ലഭ്യമാക്കും - മന്ത്രി എ.കെ. ബാലൻ

 

 

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന് നിലവിൽ ലഭ്യമായിട്ടുള്ള ഒരു കോടി രൂപയ്ക്ക് പുറമെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനായി തുടർസഹായം ലഭ്യമാക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.  മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രം കെട്ടിടശിലാസ്ഥാപനം നാദാപുരത്ത്  നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി .

അറബി മലയാള സാഹിത്യത്തെ കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മോയിൻകുട്ടി വലിയ സംഭാവനകളാണ് നൽകിയത്.  മോയിൻകുട്ടി വൈദ്യരെ പോലെ തന്നെ പുലിക്കോട്ടിൽ ഹൈദറിൻ്റെ കൃതികളും പൊതു സമൂഹത്തെ പരിചയപ്പെടുത്തും.  വൈക്കം മുഹമ്മദ് ബഷീറിൻ്റെ പേരിൽ ഒളവണ്ണയിൽ ഷാർജ ഗവൺമെൻ്റിൻ്റെ സഹായത്തോടെ സാംസ്ക്കാരിക നിലയം പണിയുവാൻ നടപടി തുടങ്ങിയിട്ടുണ്ട്.  സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കും വടകരയിൽ  സ്മാരകം പണിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  അതിന് സ്ഥലം ലഭ്യമായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾ സാംസ്ക്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.  

മലയാള ഭാഷ 36 വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിക്കാൻ മലയാള മിഷൻ്റെ ഭാഗമായി സാംസ്ക്കാരിക വകുപ്പിന് കഴിഞ്ഞു .  മോയിൻകുട്ടി നാദാപുരം ഉപകേന്ദ്രത്തിന് ജനങ്ങളുടെ സഹായം നല്ല നിലയിൽ ലഭ്യമായിട്ടുണ്ട്. അതിനിയും ഉണ്ടാകണം.  മത സൗഹാർദ്ദ കേന്ദ്രമായി ഇത് മാറണം.  കലാകാരൻമാരുടെ ആശയങ്ങൾ പ്രകടപ്പിക്കാൻ നാട്ടിൽ പൊതുവേദികൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു .

2018 ഫിബ്രവരിയിൽ നാദാപുരത്ത് ആരംഭിച്ച ഉപകേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി നാട്ടുകാർ വൈദ്യർ അക്കാദമിക്ക് വിട്ടുനൽകിയ 20 സെൻ്റ് സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ സാംസ്ക്കാരിക വകുപ്പ് കെട്ടിടം പണിയുന്നത്.  

 ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷനായി.  തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. ബാലകൃഷ്ണൻ ,നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാം കുന്നി   അഹമ്മദ് പുന്നക്കൽ ,പി .മോഹനൻ മാസ്റ്റർ ,സൂപ്പി നരിക്കാട്ടേരി ,വി.പി. കുഞ്ഞികൃഷ്ണൻ ,മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.

date