Skip to main content

വെഞ്ഞാറമൂട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തില്‍

വെഞ്ഞാറമൂട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തില്‍ ഏര്‍പ്പെടുത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. അഞ്ചുകോടി രൂപ കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ആധുനിക സൗകര്യമുള്ള സ്റ്റേജ്,   18,000 ചതുരശ്ര അടിയുള്ള വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ബാഡ്മിന്റണ്‍ കോര്‍ട്ട്, മെച്ചപ്പെട്ട ശൗചാലയങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ 45 ക്ലാസ് മുറികള്‍ ഹൈടെക്കായി മാറ്റുകയും ചെയ്തു.

 ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ പെയിന്റിങ് ജോലികള്‍ മനോഹരമായി പൂര്‍ത്തീകരിച്ചു.

ചടങ്ങില്‍ ഡി.കെ മുരളി എം. എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു. വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളില്‍  സമഗ്രമാറ്റം വന്നതോടെ ആധുനിക വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാകുമെന്ന് എം.എല്‍.എ പറഞ്ഞു. ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് അംഗം വൈ. വി ശോഭകുമാര്‍ നിര്‍ഹിച്ചു.

ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വാമനപുരം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി.ചന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. ഷീലകുമാരി, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീന ബീവി, നെല്ലനാട് പഞ്ചായത്ത് അംഗം എസ്. സുജാതന്‍, സ്‌കൂള്‍ ജീവനക്കാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സിനിമ താരം നോബി എന്നിവര്‍ സംബന്ധിച്ചു.

date