കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 06)
ജില്ലയില്‍ പ്രവര്‍ത്തനസജ്ജമായ 12 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (06 ഒക്ടോബര്‍) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വട്ടിയൂര്‍ക്കാവ്, ജഗതി, കീഴാറ്റിങ്ങല്‍, കാട്ടാക്കട, കള്ളിക്കാട് ഓള്‍ഡ് (വീരണകാവ്), പനവൂര്‍, ആനാംകുടി, പുളിമാത്ത്, തൊളിക്കോട്, മടവൂര്‍, കള്ളിക്കാട് ന്യൂ (നെയ്യാര്‍ ഡാം), ഇടവ എന്നിവിടങ്ങിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.
ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സേവന മേഖല വിപുലമാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകിട്ട് ആറുവരെ ആക്കുകയും കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുകയും ചെയ്തു. നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകള്‍, സ്വകാര്യതയുള്ള പരിശോധന മുറികള്‍, മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സകള്‍, ഡോക്ടര്‍മാരെ കാണുന്നതിന് മുമ്പ് നഴ്‌സുമാര്‍ വഴി പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗി സൗഹൃദവും ജന സൗഹാര്‍ദ്ദവുമായ അന്തരീഷം എന്നിവയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ നടപ്പാക്കിവരുന്നത്. കൂടാതെ ആസ്മ, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ശ്വാസ് ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസം ക്ലിനിക്ക്, ഫീല്‍ഡ് തലത്തില്‍ സമ്പൂര്‍ണ മാനസികാരോഗ്യ പരിപാടി, എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ക്ലിനിക്കുകള്‍ എന്നിവയാണ് പ്രാഥമിക ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നടപ്പിലാക്കി വരുന്നത്.
ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments