Skip to main content

അംബേദ്കര്‍ ഗ്രാമം പദ്ധതി: പൂര്‍ത്തീകരിച്ചതിന്റെയും നിര്‍മാണത്തിന്റെയും ഉദ്ഘാടനം

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച മുഴതാങ്ങ് അംബേദ്കര്‍ സാംസ്‌കാരിക നിലയം, കുടിവെള്ള പദ്ധതി, റോഡ്, പാലം എന്നിവയുടെ ഉദ്ഘാടനവും ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന ഏരൂര്‍ പാണയം ഐ എച്ച് ഡി പി കോളനിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വനം-വന്യ ജീവി വകുപ്പ് മന്ത്രി ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി കോളനിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിവഴിയെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
കോളനിയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തല്‍, ഇന്റര്‍നെറ്റ് സംവിധാനത്തോടു കൂടിയുള്ള സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം, റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണം, ഭവനങ്ങളുടെ പുനരുദ്ധാരണം എന്നിവ സാധ്യമായതായി മന്ത്രി കെ രാജു പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുള്ള സാംസ്‌കാരിക നിലയം പോലുള്ള കെട്ടിടങ്ങള്‍ മുതിര്‍ന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏരൂര്‍ കോളനിയില്‍ ശുദ്ധജല വിതരണം, ഇന്റര്‍നെറ്റ് സംവിധാനം ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി ഹാള്‍, റോഡ്-ഓട എന്നിവയ്ക്ക് സംരക്ഷണഭിത്തി, ഭവനങ്ങളുടെ പുനരുദ്ധാരണം എന്നിവ സാധ്യമാകുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.
ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷ ഷിബു, വൈസ് പ്രസിഡന്റ് ആര്‍ രാജീവ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാരായ യമുനാ സന്തോഷ്, എസ് ഹരിരാജ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്,   നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഇ കെ ഗീതാപിള്ള, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ സിയാദ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2803/2020)

date