ജില്ലയിലെ 49 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി
നിലാവ്, ടേക്ക് എ ബ്രേക്ക് പ്രോജക്ടുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. ഗ്രാമപഞ്ചായത്തുകളായ മലയാലപ്പുഴ, ഓമല്ലൂര്‍, കവിയൂര്‍, ഏഴംകുളം, സീതത്തോട്, ഏനാദിമംഗലം, നാറാണംമൂഴി, മല്ലപ്പുഴശ്ശേരി, കലഞ്ഞൂര്‍, ചെറുകോല്‍, നെടുമ്പ്രം, പന്തളം തെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, വെച്ചൂച്ചിറ, ചെന്നീര്‍ക്കര, കല്ലൂപ്പാറ, കൊറ്റനാട്, നിരണം, നാരങ്ങാനം, ആനിക്കാട്, കൂറ്റൂര്‍, തുമ്പമണ്‍, മെഴുവേലി, മല്ലപ്പള്ളി, റാന്നി അങ്ങാടി, വടശ്ശേരിക്കര, അയിരൂര്‍, വള്ളിക്കോട്, റാന്നി, റാന്നി-പെരുനാട്, ആറന്മുള, കൊടുമണ്‍, കടമ്പനാട്, എഴമറ്റൂര്‍, കോയിപ്രം, തണ്ണിതേതോട്, പ്രമാടം, ഏറത്ത്, കോന്നി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പന്തളം, ഇലന്തൂര്‍, റാന്നി, മല്ലപ്പള്ളി ബ്ലോക്കുപഞ്ചായത്തുകളുടെയും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, തിരുവല്ല, പത്തനംതിട്ട, അടൂര്‍, പന്തളം എന്നീ നഗരസഭകളുടെയും വാര്‍ഷിക പദ്ധതി ഭേദഗതികളാണ് ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചത്.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം പരിഗണിച്ച് അംഗീകാരം നേടിയ പുതിയ പ്രോജക്ടുകള്‍ വളരെ അടിയന്തരമായി ടെന്‍ഡര്‍, എഗ്രിമെന്റ് എന്നീ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ആസൂത്രണസമിതി നിര്‍ദ്ദേശം നല്‍കി. കൂടാതെ, വാര്‍ഷിക പദ്ധതി അംഗീകാരം നേടിയ മറ്റു പ്രോജക്ടുകളും നടപ്പിലാക്കി പദ്ധതി തുക വിനിയോഗിക്കണം. ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി തയ്യാറാക്കി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കുന്ന പൊതുസ്ഥലങ്ങളിലെ ശൗചാലയങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ ജില്ലയില്‍ കോയിപ്രം ഒഴികയുള്ള എല്ലാ പഞ്ചായത്തുകളും ഏറ്റെടുത്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ കോയിപ്രം പഞ്ചായത്ത് ഇതിനുള്ള നടപടികള്‍ സ്വികരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കി.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായി നടത്തിയ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവിയെ കൂടാതെ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു. അസി.പ്ലാനിംങ് ഓഫീസര്‍ ജി.ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments